തിരുവനന്തപുരം: ഗവർണറെ കേരള സർവകലാശാലകളിലെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്ന സർവകലാശാല നിയമ ഭേദഗതി നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്‍റെ ഭേദഗതികളോടെയാണ് ബിൽ പാസാക്കിയത്. ചാൻസലറെ നിശ്ചയിക്കുന്നതിന് പ്രത്യേക സമിതിയെന്ന പ്രതിപക്ഷ ആവശ്യമാണ് അംഗീകരിച്ചത്.
മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവർ അംഗമായ സമിതിയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാൽ, ഇത് ഭാഗികമായി അംഗീകരിച്ചു. സമിതിയിൽ മുഖ്യമന്ത്രി, സ്‌പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവർ അംഗങ്ങളാകും.
സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ്, ഹൈക്കോടതി റിട്ടയേർഡ് ചീഫ് ജസ്റ്റിസ് എന്നിവരെ ചാൻസലറാക്കണമെന്ന പ്രതിപക്ഷ ഭേദഗതിയും തള്ളി. 14 സർവകലാശാലകൾക്കും ഒറ്റ ചാൻസലർ എന്ന ഭേദഗതിയും തള്ളിയാണ് ബിൽ പാസാക്കിയത്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.
സങ്കുചിതമായ രാഷ്‌ട്രീയ നിലപാടെന്നായിരുന്നു നിയമമന്ത്രി പ്രതിപക്ഷത്തിന്‍റെ നടപടികളോട് പ്രതികരിച്ചത്.