തിരുവനന്തപുരം : വായ്‌പ തിരിച്ചടവ് സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടെ കെടിഡിഎഫ്‌സി ചെയർമാൻ സ്ഥാനത്ത് നിന്ന് ബി അശോക് ഐഎഎസിനെ മാറ്റി. കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന് പകരം ചുമതല നൽകി സർക്കാർ ഉത്തരവിറക്കി.
എന്നാല്‍ ബി അശോക് നിലവിൽ വഹിച്ചുകൊണ്ടിരിക്കുന്ന മറ്റ് ചുമതലകൾ തുടർന്നും വഹിക്കും. കാര്‍ഷികോത്‌പാദന കമ്മിഷണറായിരുന്ന ബി അശോകിന് അധിക ചുമതലയായാണ് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍റെ ചെയര്‍മാന്‍ സ്ഥാനം നൽകിയിരുന്നത്.
അതേസമയം ഒരു മാസത്തെ മെഡിക്കൽ അവധിക്ക് ശേഷം ബിജു പ്രഭാകർ വ്യാഴാഴ്‌ചയാണ് (02.11.2023) തിരികെ ജോലിയിൽ പ്രവേശിച്ചത്. കെടിഡിഎഫ്‌സിയുടെ ബാധ്യതയ്ക്ക് കാരണം കെഎസ്ആർടിസി വരുത്തിവച്ച കുടിശ്ശികയാണെന്ന് ബി അശോക് മുമ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. എന്നാൽ പ്രതിസന്ധിക്ക് കാരണം കെഎസ്ആർടിസി അല്ലെന്ന് വിശദീകരിച്ച് സിഎംഡി ബിജു പ്രഭാകറും രംഗത്തെത്തിയിരുന്നു.
വർഷങ്ങൾക്ക് മുൻപ് എടുത്ത തെറ്റായ തീരുമാനങ്ങളുടെ ഫലമായി ഉണ്ടായ പ്രതിസന്ധിയാണ് കെടിഡിഎഫ്‌സിയുടേതെന്ന് ബിജു പ്രഭാകർ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. കാലങ്ങളായി സർക്കാർ കെഎസ്ആർടിസിക്ക് നേരിട്ട് പണം നൽകുന്നതിന് പകരം ബസ് വാങ്ങാനും ശമ്പളത്തിനുമൊക്കെ ഭീമമായ പലിശയ്ക്ക് കെടിഡിഎഫ്‌സിയിൽ നിന്നും തുക കടം എടുത്തുനല്‍കിയത് കൊണ്ടുണ്ടായ പ്രതിസന്ധിയാണ് നിലവില്‍ ഉയർന്ന് വന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്നത്തെ സർക്കാരോ ഇന്നത്തെ കെടിഡിഎഫ്‌സി മാനേജ്‌മെന്‍റോ കെഎസ്ആർടിസി മാനേജ്‌മെന്‍റോ ഇതിന് ഉത്തരവാദിയല്ല. നഷ്‌ടം ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു സ്ഥാപനത്തിന് 16.5 ശതമാനം പലിശ നിരക്കിൽ കടം കൊടുക്കുമ്പോൾ ആ സ്ഥാപനത്തിന് തിരിച്ചടവിനുള്ള പാങ്ങുണ്ടോ എന്ന് ആരും തിരക്കിയില്ല. സാധാരണ ജനങ്ങൾ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക അതിനേക്കാൾ ഉയർന്ന തുക പലിശ ഇനത്തിൽ നൽകാമെന്ന് വിശ്വസിപ്പിച്ചുകൊണ്ട് കെടിഡിഎഫ്‌സിയിലേക്ക് നിക്ഷേപമായി സ്വീകരിച്ചു.
Also Read: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സര്‍ക്കാര്‍, രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
ഇത്, നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസിക്ക് 16.5 ശതമാനത്തിന് കൊടുക്കുകയും അവര്‍ അത് ഉപയോഗിച്ച് 16.5 ശതമാനത്തില്‍ കൂടുതൽ ഉണ്ടാക്കി തിരിച്ചടയ്ക്കുന്നത് പ്രായോഗികമല്ലെന്ന സാഹചര്യം നിലനിൽക്കെ, ദൈനംദിന ചെലവ് എങ്ങനെയെങ്കിലും നടക്കട്ടെ എന്ന് ചിന്തിച്ചതിന്‍റെയും പ്രതിസന്ധിയാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും ബിജു പ്രഭാകർ കൂട്ടിച്ചേര്‍ത്തിരുന്നു.