തിരുവനന്തപുരം: മദ്യശാലകൾ തുറക്കാന്‍ ക്രമീകരണങ്ങള്‍ ആരംഭിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ .സര്‍ക്കാര്‍ തീരുമാനം വന്നാല്‍ ഉടന്‍ തന്നെ മദ്യശാലകള്‍ തുറക്കുന്നതിനായി ഹോട്ട് സ്‌പോട്ടിലടക്കം പ്രവര്‍ത്തിക്കുന്ന കടകളുടെ വിവരങ്ങള്‍ കോര്‍പ്പറേഷന്‍ ശേഖരിച്ചു തുടങ്ങി. ജീവനക്കാരുടെ കണക്കെടുപ്പും ആരംഭിച്ചു. ബുധനാഴ്‌ച ചേരുന്ന മന്ത്രി സഭായോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും.
ജില്ലകടന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ മറ്റ് ജില്ലകളിലുള്ള ജീവനക്കാരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കുന്നുണ്ട്. മറ്റ് ജില്ലകളില്‍ താമസിക്കുന്ന ജീവനക്കാരെ അടുത്തുള്ള ഔട്ട്‌ലെറ്റുകളില്‍ താൽകാലികമായി നിയമിക്കാനാണ് കോര്‍പ്പറേഷന്‍ നീക്കം.
വിൽപന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ തിരക്ക് ഒഴിവാക്കുന്നതിനായി ജീവനക്കാരുടെ എണ്ണം ഉറപ്പാക്കും. ബില്ലിങ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിൻ്റെ ഭാഗമായി തിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും. മദ്യ വിൽപന സംബന്ധിച്ച് തീരുമാനമുണ്ടായാല്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.