തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്.എൻ.സി ലാവലിൻ കേസിൽ വിചാരണ ആവശ്യപ്പെട്ട് സി.ബി.ഐ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ തീരുമാനമെടുക്കാൻ വൈകുന്നതിനെതിരെ പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് ബെന്നി ബെഹനാൻ എം.പി. കേസിൽ പ്രതികളെ വെറുതെ വിട്ട ശേഷം 2017 ഒക്ടോബർ 27നാണ് സി.ബി.ഐ ഹർജി നൽകിയത്. വിചാരണ വേണോ എന്ന് വേഗം തീരുമാനിക്കേണ്ട സ്ഥാനത്ത് 30 തവണയാണ് കേസ് മാറ്റിവച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതരായ രാഷ്ട്രീയ നേതാക്കൾ പ്രതികളായ കേസുകളിൽ വേഗം തീർപ്പുണ്ടാക്കണമെന്ന സുപ്രീം കോടതി നിർദേശം മറികടന്നാണ് തുടർച്ചയായി കേസ് മാറ്റിവയ്ക്കുന്നത്. ഇതിൽ ദുരൂഹതയുണ്ട്. ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, നിയമ മന്ത്രി, സി.ബി.ഐയുടെ ചുമതലയുള്ള പേഴ്‌സണൽ വകുപ്പ്, സി.ബി.ഐ മേധാവി, ചീഫ് ജസ്റ്റിസ് എന്നിവരെ സമീപിക്കാനാണ് തീരുമാനമെന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു. ഇതിൻ്റെ നിയമപരമായ വശങ്ങൾ ആലോചിച്ച് കേസിൽ ചേരേണ്ടിവന്നാൽ അങ്ങനെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.