തിരുവനന്തപുരം: സംസ്ഥാനത്ത് മെഗാ കൊവിഡ് പരിശോധനക്ക് തുടക്കമായി. ഇന്നും നാളെയുമായി രണ്ടര ലക്ഷം പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്‍റെ ലക്ഷ്യം.
രണ്ടാം തരംഗത്തിലെ അതിതീവ്ര വ്യാപനം കുറക്കാന്‍ രോഗ ബാധിതരെ പരമാവധി വേഗത്തില്‍ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന ആരോഗ്യവിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാസ് പരിശോധന. വേഗത്തില്‍ പരമാവധി പേരെ പരിശോധിക്കുകയാണ് ലക്ഷ്യം.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മുന്‍ഗണന നല്‍കി പരമാവധിപേരെ പരിശോധനക്ക് വിധേയരാക്കും. ഇതുകൂടാതെ ഹൈ റിസ്‌ക് വിഭാഗത്തില്‍പെടുന്നവരേയും പരിശോധിക്കും.
പൊതുഗതാഗതം, വിനോദ സഞ്ചാരം, കടകള്‍, ഹോട്ടലുകള്‍, വിതരണ ശൃംഖലയിലെ തൊഴിലാളികള്‍, കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത 45വയസിന് മുകളിലുള്ളവര്‍ എന്നിവരെയാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ പരിശോധന നടത്തുക. രോഗവ്യപാന തീവ്രത കൂടുതലായതിനാലാണ് ആരോഗ്യവകുപ്പ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രോഗ ലക്ഷണങ്ങളുള്ളവരേയും കണ്ടെത്തി പരമാവധി പരിശോധിക്കുകയെന്നതാണ് ലക്ഷ്യം.