തിരുവനന്തപുരം: ഭീകരാക്രമണം ഉണ്ടാകുമെന്ന സന്ദേശത്തെ തുടർന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ട്രെയിൻ വഴി ഭീകരരെത്തുമെന്ന സന്ദേശത്തെ തുടര്‍ന്ന് റെയിൽവേ സ്റ്റേഷനുകളിലാണ് പരിശോധന കര്‍ശനമാക്കിയത്. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ റെയില്‍വേ സ്റ്റേഷനുകളിലേക്ക് കടത്തി വിടുന്നത്. ലഗേജുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധിക്കുന്നുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു. ഭീഷണി സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷാ പരിശോധനകളില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് കേരള പൊലീസ്. ആശുപത്രികൾ, ബസ് സ്റ്റാന്‍റുകൾ എന്നിവിടങ്ങളിലും ബാലറ്റ് പെട്ടികൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.