തിരുവനന്തപുരം: രണ്ട് വയസുകാരന്‍റെ വയറ്റിൽ നിന്നും ബാറ്ററി നീക്കം ചെയ്‌തു. നെയ്യാറ്റിൻകര മാർത്താണ്ഡം സ്വദേശിയായ ഋഷികേശിന്‍റെ വയറ്റിൽ നിന്നും എൻഡോസ്കോപ്പിയിലൂടെയാണ് ഇത് പുറത്തെടുത്തത്. കുട്ടി കളിച്ചുകൊണ്ടിരിക്കെയാണ് ബാറ്ററി വിഴുങ്ങിയത്.
തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ നിന്നാണ് ബാറ്ററി പുറത്തെടുത്തത്. ഒന്നര സെന്‍റിമീറ്റർ വ്യാസവും അഞ്ച് സെന്‍റിമീറ്റർ നീളവുമുള്ള എവറെഡി പെൻസിൽ ബാറ്ററിയാണ് ഋഷികേശിന്‍റെ വയറ്റിലുണ്ടായിരുന്നത്. വയറ്റില്‍ ഇതിന്‍റെ അറ്റം പൊടിഞ്ഞ നിലയിലായിരുന്നു. അടിയന്തര ചികിത്സ നടത്തിയതിനാലാണ് കുട്ടി രക്ഷപ്പെട്ടതെന്ന് നിംസ് മെഡിസിറ്റിയിലെ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ജയകുമാർ പറയുന്നു.
ചെറിയ കുട്ടികള്‍ക്ക് ഇത്തരം സാധനങ്ങൾ ലഭിക്കുന്ന രൂപത്തില്‍ വീടുകളില്‍ വയ്‌ക്കരുതെന്നും സാധന സാമഗ്രികൾ കൃത്യമായി സൂക്ഷിക്കാൻ വീട്ടുകാർ ശ്രമിക്കണമെന്നും ഡോ. ജയകുമാർ പറഞ്ഞു. മാർത്താണ്ഡം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഋഷികേശിനെ വിദഗ്‌ധ ചികിത്സക്കായി നിംസ് മെഡിസിറ്റിയിലേക്ക് റെഫർ ചെയ്യുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണ്.