തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്(ജൂണ്‍ 21) മുതല്‍ ബാറുകള്‍ അടച്ചിടും. ലാഭവിഹിതം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ബാറുകള്‍ അടച്ചിടാന്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്. ബാറുകള്‍ അടച്ചിടുന്നതോടെ ബെവറേജസ് ഔട്ട് ലെറ്റുകളില്‍ തിരക്ക് ഏറാനാണ് സാധ്യത.
ബാറുകളുടെ ലാഭവിഹിതം 25 ശതമാനമാണ് ബെവറേജസ് കോര്‍പറേഷന്‍ വര്‍ധിപ്പിച്ചത്. ബെവ്‌കോയില്‍ നിന്ന് വില്‍പനയ്ക്കായി മദ്യം വാങ്ങുമ്പോള്‍ ഈടാക്കുന്നതാണ് ലാഭവിഹിതം. ലാഭവിഹിതം വര്‍ധിപ്പിക്കുമ്പോഴും റീടെയ്ല്‍ വില ഉയര്‍ത്താന്‍ അനുവാദമില്ലാത്തതിലാണ് ബാറുടമകള്‍ക്ക് പ്രതിഷേധത്തിന് കാരണം.
കൊവിഡ് കാലത്ത് വ്യവസായികളെ സഹായിക്കുന്നതിന് പകരം വില വര്‍ധിപ്പിച്ച് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നാണ് ഉടമകളുടെ പക്ഷം. ബെവ്‌കോയ്ക്ക് നല്‍കുന്ന അതേ മാര്‍ജിനില്‍ തന്നെ ബാറുകള്‍ക്കും മദ്യം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
READ MORE: ലാഭവിഹിതം ഉയര്‍ത്തല്‍ ; സംസ്ഥാനത്തെ ബാറുകൾ നാളെ മുതൽ തുറക്കില്ല
ഇക്കാര്യത്തില്‍ തീരുമാനം വരുന്നതു വരെ ബാറുകള്‍ അടച്ചിടാനാണ് അസോസിയേഷന്‍റെ തീരുമാനം.