തിരുവനന്തപുരം: കേരളാ പൊലീസിന്‍റെ വെടിയുണ്ടകൾ കാണാതായ കേസിൽ അറസ്റ്റിലായ എസ്.ഐയുടെ ജാമ്യ അപേക്ഷ തള്ളി. സായുധസേന ആസ്‌ഥാനത്തെ എസ്.ഐ റെജി ബാലചന്ദ്രന്‍റെ അപേക്ഷയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. പ്രതി നടത്തിയത് അതീവ ഗുരുതര കുറ്റമെന്ന നിരീക്ഷണത്തോടെയാണ് ജാമ്യ ഹർജി തള്ളിയത്. 2019ൽ രജിസ്റ്റർ ചെയ്ത കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺമാനടക്കം 11 പ്രതികളാണ് ഉള്ളത്. ജാമ്യ അപേക്ഷ തള്ളിയ പ്രതി റെജി കേസിലെ ഒമ്പതാം പ്രതിയാണ്. നേരത്തെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയിരുന്നു. കഴിഞ്ഞ മാസം 26നാണ് ക്രൈംബ്രാഞ്ച് റെജി ബാലചന്ദ്രനെ അറസ്റ്റ് ചെയ്‌തത്.
2019 ഏപ്രിൽ മൂന്നിനാണ് എസ്എപി ക്യാമ്പിലെ മുൻ കമാന്‍റോ നൽകിയ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസ് എടുത്തത്. എസ്എപി ക്യാമ്പിൽ നിന്നും ഇൻസാസ് റൈഫിലുകളും വെടിയുണ്ടകളും കാണാനില്ലാനായിരുന്നു സി.എ.ജി കണ്ടെത്തൽ. എന്നാൽ ഇതിന് വിപരീതമായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ.