തിരുവനന്തപുരം: ജനറേറ്ററില്‍ നിന്ന് ഇന്ധനം മോഷ്‌ടിച്ചു എന്നാരോപിച്ച് വെള്ളറടയില്‍ ഓട്ടിസം ബാധിതന് ക്രൂരമര്‍ദനം. കത്തിപ്പാറ സ്വദേശി മഹേഷിനാണ് (40) മര്‍ദനമേറ്റത്. റോഡില്‍ സൂക്ഷിച്ചിരുന്ന ജനറേറ്ററില്‍ നിന്നും മഹേഷ് പെട്രോള്‍ ഊറ്റിയെന്ന് ആരോപിച്ച് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനായ കുടപ്പനമൂട് സ്വദേശി രാജേഷാണ് (22) മര്‍ദിച്ചത്.
ഇന്നലെ പുലര്‍ച്ചെ നടന്ന മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത് വന്നതോടെയാണ് ഭീകരത പുറംലോകമറിഞ്ഞത്. പുലര്‍ച്ചെ നാലു മണിക്ക് ആറാട്ടുക്കുഴി ജങ്‌ഷനിലാണ് സംഭവം. റോഡിലൂടെ വലിച്ചിഴച്ച് മുഖത്തടക്കം ചവിട്ടുകയായിരുന്നു.
ആറാട്ടുകുഴിയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് മഹേഷ്. ഹോട്ടല്‍ പണിക്കായി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. മോഷ്‌ടിച്ചില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അടിച്ച് അവശനാക്കിയെന്ന് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിയായ രാജേഷിനെതിരെ വെള്ളറട പൊലീസ് ഐപിസി 323, 324, 308 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.