തിരുവനന്തപുരം: ശ്രീവരാഹം ഒന്നാം പുത്തൻ തെരുവിലെ അഗ്രഹാരവുമായി 30 വർഷം നീണ്ട ആത്മബന്ധമുണ്ട് ഭഗവതി അമ്മാളിന്. കിടപ്പുമുറിയും, അടുക്കളയും, ഹാളും അടങ്ങുന്ന കൊച്ചുവീടാണ് ഇവരുടെ ലോകം. വിധവയായ ഭഗവതി അമ്മാൾ സമീപത്തെ ക്ഷേത്രങ്ങളിൽ ജോലി ചെയ്‌താണ് ജീവിതം കഴിച്ചുകൂട്ടുന്നത്.
അട്ടക്കുളങ്ങര മേൽപ്പാലം നിർമാണത്തിന്‍റെ ഭാഗമായി വീട് പൂർണമായും നഷ്‌ടമാകുമോയെന്ന ആശങ്കയിലാണ് ഭഗവതി അമ്മാൾ. ഭഗവതി അമ്മാളിന്‍റെ മാത്രമല്ല പപ്പടം വിറ്റ് ഉപജീവനം നടത്തുന്ന പത്മനാഭന്‍റെ അടക്കം ഒന്നാം പുത്തൻ തെരുവിലെ നൂറോളം അഗ്രഹാരങ്ങളും ഇരുന്നൂറോളം വ്യാപാര സ്ഥാപനങ്ങളും അട്ടക്കുളങ്ങര മേൽപ്പാലം നിർമാണത്തിന്‍റെ ഭാഗമായി പൊളിക്കേണ്ടി വരും.
മേൽപ്പാലത്തിനായി അഗ്രഹാരങ്ങളുടെ 12 മീറ്റർ നീളത്തിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ നൂറോളം അഗ്രഹാരങ്ങളുടെ അടുക്കള ഭാഗം വരെ പൊളിച്ചുനീക്കേണ്ടി വരും. നൂറ്റാണ്ടുകൾ പഴക്കമുള്ള അഗ്രഹാരങ്ങൾ പൈതൃക മേഖലയിലാണ് വരുന്നത്. ഇവ പൊളിക്കരുതെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലാണ്.
സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ച ശേഷമാണ് പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കേണ്ടി വരുമെന്ന് അധികൃതർ അറിയിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. അട്ടക്കുളങ്ങര രാമചന്ദ്രനിൽ നിന്ന് ശ്രീവരാഹം അഴീക്കോട്ട ജങ്ഷനിൽ അവസാനിക്കുന്ന വിധത്തിലാണ് പദ്ധതി. 1200 മീറ്ററാണ് പാലത്തിന്‍റെ നീളം. 180 കോടി ചെലവിലാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്.
ജനങ്ങളുടെ രൂക്ഷമായ എതിർപ്പും ഏറ്റെടുക്കേണ്ട സ്ഥലം പൈതൃക മേഖലയിൽ വരുന്നതും പരിഗണിച്ച് സ്ഥലം ഏറ്റെടുക്കൽ നടപടികൾ നിർത്തിവച്ചിരിക്കുകയാണ്. സർക്കാർ പദ്ധതി ഉപേക്ഷിക്കുമെന്നും സൂചനയുണ്ട്.