തിരുവനന്തപുരം: എകെജി സെന്‍ററിലേക്ക് സ്ഫോടകവസ്‌തു എറിഞ്ഞ സംഭവത്തില്‍ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. കൃത്യത്തിന് ശേഷം അക്രമി രക്ഷപ്പെട്ട കുന്നുകുഴി ഭാഗത്തേക്കുള്ള വഴികളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവനായ ഡിസിആർബി അസിസ്റ്റന്‍റ് കമ്മിഷണർ കെജെ ദിനിൽ പറഞ്ഞു.
13 അംഗ പൊലീസ് സംഘമാണ് സംഭവം അന്വേഷിക്കുന്നത്. സ്‌കൂട്ടറിലെത്തിയാണ് അക്രമി സ്ഫോടകവസ്‌തു വലിച്ചെറിഞ്ഞത്. ഈ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. എറിഞ്ഞത് ബോംബോ, അതോ മറ്റെന്തെങ്കിലും വീര്യം കുറഞ്ഞ സ്ഫോടക വസ്‌തുക്കളാണോ എന്ന് ഫോറൻസിക് പരിശോധന റിപ്പോർട്ടിലേ വ്യക്തമാകു. ഈ വിവരം ഇന്നു തന്നെ ലഭിച്ചേക്കും.
സംഭവം നടന്നതിനു പിന്നാലെ എകെജി സെന്‍ററില്‍ നിന്നും സമീപത്തെ സ്ഥാപനത്തിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ ആക്രമയുടെ മുഖമോ വാഹനത്തിന്‍റെ നമ്പറോ വ്യക്തമായിരുന്നില്ല. പുതുതായി ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തത വരുത്താനുള്ള ശ്രമമാണ് നടക്കുന്നത്.