തിരുവനന്തപുരം : ബൈക്ക് റേസിങ്ങും കിക്ക് ബോക്‌സിങ്ങുമാണ് കല്ലിയൂർ സ്വദേശിനി സഞ്ജുവിന്‍റെ ജീവിതം. സ്‌ത്രീകൾ അപൂർവമായി മാത്രം തെരഞ്ഞെടുക്കുന്ന മേഖലകൾ. ബുള്ളറ്റ് ഉരുട്ടിക്കൊണ്ടുപോകാനുള്ള ആരോഗ്യമുണ്ടോയെന്ന് ചിലര്‍ മുഖം ചുളിച്ചേക്കാം. സഞ്ജു പക്ഷേ ബുള്ളറ്റ് പറപ്പിക്കും. ബൈക്ക് റേസിങ് മത്സരങ്ങളിൽ പറക്കും. കിക്ക് ബോക്‌സിങ്ങിൽ ദേശീയ തലത്തിൽ വെങ്കല മെഡൽ ജേതാവുമാണ്.
ദേശീയ മെഡൽ നേടിയ സഞ്ജുവിനെ അഭിനന്ദിച്ച് വീടിനുസമീപത്തെ കവലയിൽ ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അതുകണ്ടാണ് പലരും സഞ്ജുവിൻ്റെ റേസിങ്ങും ബോക്‌സിങ്ങുമൊന്നും കളിയായിരുന്നില്ലെന്ന് മനസിലാക്കിയത്. റേസിങ്ങിനിടെ വീഴുമെന്നോ റിങ്ങിൽ ഇടികിട്ടുമെന്നോ പേടിയില്ല. ഏത് സാഹസിക ഇനത്തിലും ഒരുകൈ നോക്കാമെന്നാണ് സഞ്ജുവിൻ്റെ ഭാവം.
Also Read: ഞായറാഴ്‌ച ലോക്ക്‌ഡൗണ്‍ തുടരും; അടിയന്തര യാത്രകള്‍ക്ക് അനുമതി
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീട്ടിലെ പെൺകുട്ടി സ്‌കൂൾ കാലത്ത് തുടങ്ങിയ ചെലവേറിയ കായിക താൽപര്യങ്ങൾ ഇത്രനാൾ കൊണ്ടുപോയതുതന്നെ വലിയ സാഹസികതയാണ്. ചുമട്ടുതൊഴിലാളിയായ അച്ഛനും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അമ്മയും മകളുടെ സ്വപ്‌നങ്ങൾക്കൊപ്പം നിൽക്കാൻ ഏറെ ബുദ്ധിമുട്ടി. പരിശീലകരും സുഹൃത്തുക്കളുമൊക്കെ ആവും വിധം സഹായിക്കുന്നു.
അന്തർ ദേശീയ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയാണ് സഞ്ജുവിൻ്റെ അടുത്ത ലക്ഷ്യം. മൂന്ന് ലക്ഷത്തോളം രൂപ ഇതിന് ചെലവുവരും. നിലവിൽ ഈ തുക സഞ്ജുവിന് കൈയെത്താത്ത ദൂരത്താണ്. ഒരു സ്പോൺസറുടെ സഹായം പ്രതീക്ഷിക്കുകയാണ് സഞ്ജു. ഒളിമ്പിക്‌സ് ലക്ഷ്യം വയ്ക്കുന്ന ഈ കായികതാരത്തിന് അതിലേക്ക് എത്താൻ കായികപ്രേമികളുടെ സഹായം കൂടിയേതീരൂ.