തിരുവനന്തപുരം : കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജനെതിരായ കുറ്റപത്രം വായിച്ച് കോടതി. തിരുവനന്തപുരം സിജെഎം കോടതിയിലായിരുന്നു നടപടി. ജയരാജൻ കുറ്റം നിഷേധിച്ചു. മൂന്നാം പ്രതിയായ ജയരാജൻ മാത്രമാണ് ഇന്ന് (സെപ്‌റ്റംബര്‍ 26) ഹാജരായത്.
കേസിലെ സംഭവങ്ങൾ അടങ്ങിയ ദൃശ്യങ്ങളുടെ ഡിവിഡി പകർപ്പുകൾ പ്രതികൾക്ക് നൽകാന്‍ കോടതി പ്രോസിക്യൂഷന് നിർദേശം നൽകിയിരുന്നു. വിചാരണയ്ക്ക് മുൻപായി പ്രതികൾക്ക് നൽകാനുള്ള ഡിവിഡി, മറ്റ് അനുബന്ധ രേഖകൾ എന്നിവ സമർപ്പിക്കാന്‍ ഒരു മാസത്തെ സാവകാശം പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ചു.
കേസ് അഞ്ച് നേതാക്കൾക്കെതിരെ : ഒക്‌ടോബര്‍ മാസം 26ന് കേസ് പരിഗണിക്കുമ്പോൾ മാത്രമേ വിചാരണ തീയതി കോടതി തീരുമാനിക്കുകയുള്ളൂ. സെപ്റ്റംബർ രണ്ടിന് മന്ത്രി ശിവൻകുട്ടി അടക്കമുള്ള അഞ്ച് ഇടത് നേതാക്കൾക്കെതിരായ കുറ്റപത്രം കോടതി വായിച്ചിരുന്നു. അന്ന് ആരോഗ്യ കാരണങ്ങളാൽ കോടതിയിൽ എത്താതിരുന്നതിനാലാണ് ജയരാജനെതിരായ കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചത്.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷത്തിന്‍റെ നഷ്‌ടം വരുത്തി എന്നാണ് പൊലീസ് കേസ്. മന്ത്രി ശിവൻകുട്ടി, ഇടത് നേതാക്കളായ ഇപി ജയരാജൻ, കെടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സികെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.