തിരുവനന്തപുരം: മുൻ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന നിയമസഭ കയ്യാങ്കളി കേസിൽ തുടരന്വേഷണം നടത്തി കണ്ടെത്തിയ രേഖകൾ പ്രതികൾക്ക് കൈമാറാൻ നിർദേശം (Assembly Ruckus Case- Court Directed To Hand Over Documents To Accused). വിചാരണ തുടങ്ങുന്നതിന് മുൻപ് ഈ രേഖകൾ ലഭിക്കേണ്ടത് നിയമപരമായ അവകാശമാണെന്ന പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ചാണ് കോടതിയുടെ നിർദേശം. കേസിൽ വിചാരണ തീയതി തീരുമാനിക്കുന്നതും കോടതി മാറ്റിവച്ചു. ഡിസംബർ ഒന്നിലേക്കാണ് മാറ്റിയത്.
മന്ത്രി വി ശിവൻകുട്ടി, ഇടതു നേതാക്കളായ ഇപി ജയരാജൻ, കെടി ജലീൽ എന്നീ പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ തുടരന്വേഷണത്തിന് അനുമതി ലഭിച്ചെങ്കിലും ക്രൈം ബ്രാഞ്ചിന് പുതുതായി തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇക്കാരണത്താൽ നേരത്തെ സമർപ്പിച്ച കുറ്റപ്രതം അനുസരിച്ചു തന്നെയാകും വിചാരണ പരിഗണിക്കുക. 81 ദിവസം കൊണ്ടാണ് കേസിലെ അന്വേഷണം പൂർത്തിയാക്കിയത്.
കേസിനാസ്‌പദമായ സംഭവം: 2015 മാർച്ച് 13നാണ് കേസിനാസ്‌പദമായ സംഭവം. ബാർ കോഴ വിവാദം കത്തിനിൽക്കെ, കോഴക്കേസിലെ പ്രധാന ആരോപണ വിധേയനായിരുന്ന അന്നത്തെ ധനകാര്യ മന്ത്രി കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷ എംഎൽഎമാർ നിയമസഭയിൽ സംഘർഷം അഴിച്ചുവിട്ടത്. നിയമസഭ തല്ലി തകർത്ത എംഎൽഎമാർ സ്‌പീക്കറുടെ കസേര, എമർജൻസി ലാംബ്, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക്, മോണിറ്റർ, ഹെഡ്‌ഫോൺ എന്നിവ നശിപ്പിച്ചു.
2,20,093 രൂപയുടെ നാശനഷ്‌ടമാണ് കയ്യാങ്കളി മൂലം സർക്കാർ ഖജനാവിന് ഉണ്ടായത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പുറമെ മുൻ മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ എംഎൽഎ, മുൻ എംഎൽഎ മാരായ കെ അജിത്, കുഞ്ഞഹമ്മദ്, സികെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കാൻ പ്രതികൾ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം.
തുടരന്വേഷണം വിഫലം: വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെ കഴിഞ്ഞ ജൂലൈയില്‍ കേസില്‍ തുടരന്വേഷണം ആവശ്യമാണെന്ന് കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. രണ്ടുമാസത്തിനിടെ തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന ഉപാധിയോടെ കോടതി അന്വേഷണത്തിന് അനുമതി നല്‍കി. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള സർക്കാരിന്‍റെ തന്ത്രമാണ് ക്രൈംബ്രാഞ്ചിന്‍റെ ഹർജിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവയ്‌ക്കുന്ന രീതിയിൽ, തുടരന്വേഷണത്തിൽ പുതിയ തെളിവുകൾ ഒന്നും കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. ഇതോടെ നേരത്തെ സമർപ്പിച്ച കുറ്റപ്പത്രം അനുസരിച്ചു തന്നെയാകും കേസിൽ വിചാരണ നടക്കുക.