തിരുവനന്തപുരം : സർവകലാശാല ബില്ലിൽ ഭേദഗതി നിർദേശങ്ങളുമായി പ്രതിപക്ഷം. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും മാറ്റുന്നതിൽ പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ പുതിയ ചാൻസലറെ നിയമിക്കുന്നതിലാണ് ഭേദഗതികൾ മുന്നോട്ടുവച്ചിരിക്കുന്നത്.
14 സർവകലാശാലകൾക്കും കൂടി ഒരു ചാൻസലറെ നിയമിക്കണം. വിരമിച്ച സുപ്രീം കോടതി ജഡ്‌ജിയാകണം ചാൻസലർ. ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനെയും പരിഗണിക്കാം. നിയമനത്തിന് പ്രത്യേക സമിതിയെ നിയോഗിക്കണം.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സമിതി പ്രവർത്തിക്കണം. പ്രതിപക്ഷ നേതാവിനെയും ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനെയും സമിതിയിൽ ഉൾപ്പെടുത്താം. സമിതിയുടെ ഭൂരിപക്ഷം അനുസരിച്ചാകണം നിയമനമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാല്‍ ഈ ഭേദഗതി നിർദേശങ്ങൾ സർക്കാർ അംഗീകരിക്കാൻ സാധ്യതയില്ല.