തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിലും പ്രകൃതി ക്ഷോഭത്തിലും മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരള നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ നടപടികള്‍ നാളെയും മറ്റന്നാളും റദ്ദാക്കിയിട്ടുണ്ട്. ഇനി തിങ്കളാഴ്ചയാകും സഭ ചേരുക.
പ്രകൃതിക്ഷോഭം മനുഷ്യ നിയന്ത്രണത്തിനതീതമെന്ന് എംബി രാജേഷ്
കാലം തെറ്റിയെത്തുന്ന പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ വലിയ നാശ നഷ്ടമാണ് കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനിടെ വരുത്തിയതെന്ന് അനുശോചന പ്രസംഗത്തില്‍ സ്പിക്കര്‍ എംബി രാജേഷ് പറഞ്ഞു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വളരെ കൂടുതല്‍ മഴ പെയ്യുന്ന സവിശേഷ പ്രതിഭാസം മനുഷ്യരുടെ നിയന്ത്രണത്തിന് അതീതമാണ്.
എന്നാല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുബത്തിന്‍റെ ദു:ഖത്തിനൊപ്പം ചേരുന്നതായും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും സ്പീക്കര്‍ പറഞ്ഞു. നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ സഭ അഗാധമായ ദു:ഖം രേഖപ്പെടുത്തി.
ഏകോപിത പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി
ഏകോപിതമായ പ്രവര്‍ത്തനമാണ് ദുരന്ത നിരവാരണ കാര്യത്തില്‍ സംസ്ഥാനത്ത് നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. റവന്യു, പൊലീസ്, ഫയര്‍ ഫോഴ്സ്, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഏകോപനത്തേടെ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ ദുരുന്ത നിരവാരണ സേനയുടെ ഓരോ ടീമിനെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ നിയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ മറ്റ് നാല് ടീമുകള്‍ കൂടി കണ്ണൂര്‍ അടക്കമുള്ള ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
Also Read: കനത്ത മഴക്ക് സാധ്യത; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
നിലവില്‍ 11 എന്‍ഡിആര്‍എഫ് ടീമുകള്‍, ഇന്ത്യന്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍, എന്നിവയും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വായുസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൊച്ചിയില്‍ സജ്ജമായി നില്‍പ്പുണ്ട്. നേവിയുടെ ഹെലികോപറ്ററും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെടുതിയില്‍ മരിച്ച 39 പേരുടെ വേര്‍പാടില്‍ സഭ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
സര്‍ക്കാറിന് പിന്തുണയുമായി പ്രതിപക്ഷം
മഴക്കെടുതിയില്‍ നടപടിയുമായി മുന്നോട്ട് പോകുന്ന സര്‍ക്കാറിന് എല്ലാവിധ പിന്‍തുണയും നല്‍കുന്നതായി മുന്‍ മന്ത്രിയും പ്രതിപക്ഷ എം.എല്‍.എയുമായ കെ ബാബു പറഞ്ഞു. തുടര്‍ച്ചയായുണ്ടാകുന്ന ദുരന്തങ്ങളെ സഭ ഗൗരവമായി കാണണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പശ്ചിമഘട്ടത്തിന്‍റെ സംരക്ഷണത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും വന്‍കിട പദ്ധതികള്‍ പ്രകൃതി സൗഹൃദമായി നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.