തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് തനിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതി സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുവെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ആക്രമണത്തിനിരയായ യുവതി മാധ്യമങ്ങളോട്. തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതികരിക്കുകയായിരുന്നു ഡോക്ടര്‍ കൂടിയായ യുവതി. ഇത്തരക്കാര്‍ ഒരു രീതിയിലും സര്‍വീസില്‍ തുടരാന്‍ പാടില്ല. കേസിന്‍റെ ആദ്യഘട്ടത്തില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചെങ്കിലും ഇപ്പോള്‍ പൂര്‍ണ സംതൃപ്‌തയാണെന്നും ഡോക്ടര്‍ പറഞ്ഞു.
മ്യൂസിയം പരിസരത്ത് യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തിരിച്ചറിയാതിരിക്കാന്‍ പ്രതി രൂപമാറ്റം വരുത്തിയിരുന്നു. എന്നാല്‍ സംഭവ സമയത്ത് ഇയാള്‍ ധരിച്ചിരുന്ന വസ്‌ത്രവും ഷൂസും തന്നെയാണ് പരേഡിനെത്തിയപ്പോഴും ധരിച്ചത്. ഇത് തിരിച്ചറിയാൻ സഹായകമായി.
പ്രതി സന്തോഷിനെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്ന് മ്യൂസിയം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. നാളെ പ്രതിയെ മ്യൂസിയം പരിസരത്ത് എത്തിച്ച് തെളിവെടുക്കും.