തിരുവനന്തപുരം : വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ഉൾപ്പടെയുള്ള വിവിധ ചടങ്ങുകൾക്കായി ഈ മാസം 24ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീഷണി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിൽ പാര്‍ട്ടി അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഭീഷണി കത്ത് ലഭിച്ചത്. ഒരാഴ്‌ച മുൻപാണ് മോദിക്കെതിരെ ഭീഷണി സന്ദേശം എത്തിയത്.
തുടർന്ന് കത്ത് കെ സുരേന്ദ്രന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. ഇന്‍റലിജന്‍സ് മേധാവി ടി കെ വിനോദ് കുമാർ സുരക്ഷ വിലയിരുത്തിക്കൊണ്ട് തയാറാക്കിയ റിപ്പോർട്ടിൽ ഈ ഭീഷണി സന്ദേശത്തെ കുറിച്ചും പരാമർശിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്‍റെ പേരിലാണ് പ്രധാനമന്ത്രിക്കെതിരെ ഭീഷണി സന്ദേശം അടങ്ങിയ കത്ത് വന്നിരിക്കുന്നത്. അതീവ ഗൗരവമുള്ള സംഭവമായതിനാൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഭീഷണി സന്ദേശം പുറത്തുവന്ന സാഹചര്യത്തിൽ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇടപെട്ടു.
സംഭവത്തിന്‍റെ വിശദാംശങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി തേടി. പിഎഫ്ഐ നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ സംഭവം അതീവ ഗൗരവത്തോടെ കാണണമെന്നും നിർദേശമുണ്ട്. സുരക്ഷ ശക്തമാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനുകളിലടക്കം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സുരക്ഷാ മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പൊലീസിന് ഗുരുതര സുരക്ഷാവീഴ്‌ച സംഭവിച്ചെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. എഡിജിപി ഇന്‍റലിജൻസ് തയാറാക്കിയ സുരക്ഷാസ്‌കീം ചോർന്നതായാണ് വിവരം. പ്രധാനമന്ത്രിയുടെ പൊലീസ് സുരക്ഷയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളാണ് ചോര്‍ന്നതായി പറയപ്പെടുന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും പൂർണ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. 49 പേജുകളുള്ള സുരക്ഷാസ്‌കീം റിപ്പോർട്ടിൽ വിവിഐപികൾക്ക് നൽകുന്ന സുരക്ഷയുടെ വിശദമായ വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി സന്ദർശനം നടത്തുന്ന അതാത് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രമാണ് വിശദമായ വിവരങ്ങളടങ്ങിയ ഈ സുരക്ഷാസ്‌കീം കൈമാറുന്നത്.
മാറ്റം വരുത്തിയ പുതിയ സുരക്ഷാസ്‌കീം തയാറാക്കി തുടങ്ങിയതായാണ് ലഭ്യമാകുന്ന വിവരം. കേരളത്തിൽ മത തീവ്രവാദ സംഘടനകളും രാജ്യദ്രോഹ ശക്തികളും പ്രബലമാണ് എന്നാണ് പൊലീസ് തന്നെ പുറത്തുവിട്ട ഇന്‍റലിജൻസ് റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു.