തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസിന്റെ നിർണായക യോഗം നാളെ. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്താൻ ഹൈക്കമാൻഡ് നിയോഗിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിൽ എത്തിയ ഗെലോട്ടിനെ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, എംപിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഗെലോട്ടിന് പുറമേ ഗോവ മുൻ മുഖ്യമന്ത്രി ലൂസിനോ ഫലീറോ, കർണാടക മുൻ ഉപ മുഖ്യമന്ത്രി പരമേശ്വര, എഐസിസി സെക്രട്ടറി താരിഖ് അൻവർ എന്നിവരും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി അധ്യക്ഷനായ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യ യോഗവും നാളെയാണ്. രാവിലെ ഒമ്പത് മണിക്ക് കെപിസിസി ആസ്ഥാനത്താണ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗം. തുടർന്ന് രാവിലെ 11ന് കെപിസിസി ഭാരവാഹി യോഗം ചേരും. യോഗത്തിൽ നേതാക്കളുമായി അശോക് ഗെലോട്ട് അടക്കമുള്ള കേന്ദ്ര നേതൃത്വം ചർച്ച നടത്തും.