തിരുവനന്തപുരം: മേയര്‍ സ്ഥാനത്തെത്തുന്ന രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 21വയസുകാരിയായ ആര്യ രാജേന്ദ്രന്‍. തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് ആര്യയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനമെടുത്തതോടെ ദേശീയ ശ്രദ്ധ നേടുകയാണ് 21 വയസുകാരിയായ കോളജ് വിദ്യാര്‍ഥിനി. തിരുവനന്തപുരം ആള്‍ സയന്‍സ് കോളജ് രണ്ടാം വര്‍ഷ ഗണിത ശാസ്‌ത്ര വിദ്യാര്‍ഥിനിയാണ് ആര്യ.
കാലങ്ങളായി ഇടതുമുന്നണിയുടെ കോട്ടയായ മുടവന്‍മുകളില്‍ നിന്ന് 549 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആര്യ തെരഞ്ഞെടുക്കപ്പെട്ടത്. 2,323 വോട്ടുകളുമായി യുഡിഎഫിന്‍റെ എസ് ശ്രീകലയാണ് രണ്ടാംസ്ഥാനത്ത്. പാര്‍ട്ടി പ്രവര്‍ത്തകനായ അച്ഛനാണ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചതെന്ന് ആര്യ പറയുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു അദ്ദേഹം. ബാലസംഘത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റും എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവുമാണ് നിലവില്‍ ആര്യ. പാര്‍ട്ടി പറയുന്നത് അനുസരിക്കാനാണ് അച്ഛന്‍ പഠിപ്പിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയനാണ് തന്‍റെ മാതൃകയെന്നും ആര്യ വ്യക്തമാക്കി. പ്രതിസന്ധികളില്‍ ഒരു ഭരണാധികാരി ജനങ്ങള്‍ക്കൊപ്പം എങ്ങനെ നില്‍ക്കണമെന്ന് അദ്ദേഹം കാണിച്ചു തന്നു. അതേസമയം പാര്‍ട്ടിയില്‍ നിന്നും ഔദ്യാഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും നഗരത്തിന്‍റെ വികസനത്തില്‍ മലിന്യ നിര്‍മാര്‍ജ്ജനത്തിന് മുന്‍തൂക്കം നല്‍കുമെന്നും ആര്യ പറഞ്ഞു.