തിരുവനന്തപുരം: റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന് കീഴില്‍ നടപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. എറണാകുളം എളംകുളത്ത് പുതുതായി പൂര്‍ത്തീകരിച്ച അഞ്ച് എം.എല്‍.ഡി സ്വീവറേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിനോട് അനുബന്ധിച്ച് കൊച്ചി കോര്‍പ്പറേഷനിലെ 54-ാം ഡിവിഷനില്‍ ഭൂഗര്‍ഭ സ്വീവറേജ് ശൃംഖലയുടെ നിര്‍മാണമാണ് അംഗീകാരം ലഭിച്ച പ്രധാന പദ്ധതി.
63.91 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണ ചെലവ്. റീജിയണല്‍ കാന്‍സര്‍ സെന്‍റര്‍, മലബാര്‍ കാന്‍സര്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ 60 കോടി രൂപ ചെലവില്‍ റോബോട്ടിക് സര്‍ജറി സംവിധാനം സ്ഥാപിക്കും. രണ്ടിടത്തും 18.87 കോടി രൂപ ചെലവില്‍ ഡിജിറ്റല്‍ പാത്തോളജി മികവിന്‍റെ കേന്ദ്രങ്ങളും സ്ഥാപിക്കും.
ഇതോടൊപ്പം റസിലിയന്‍റ് കേരള ഫലപ്രാപ്‌തിയധിഷ്‌ഠിത പദ്ധതിയുടെ കീഴില്‍ ഡിഎല്‍ഐ 6 പൂര്‍ത്തീകരിക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സമര്‍പ്പിച്ച 49.02 കോടി രൂപയുടെ രണ്ടാം വര്‍ഷത്തേക്കുള്ള വിശദ പ്രവര്‍ത്തന രൂപരേഖയ്‌ക്കും മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.
വീരമൃത്യു വരിച്ച സൈനികന്‍റെ മകള്‍ക്ക് ജോലി: സൈനിക സേവനത്തിനിടെ 26.04.2000ല്‍ ജമ്മുകശ്‌മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക്ക് സൈമണ്‍ ജെയുടെ മകള്‍ സൗമ്യക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. ആര്‍മി ഓഫിസില്‍ നിന്ന് ആട്രിബ്യുട്ടബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 21 വര്‍ഷം വൈകി എന്ന സൗമ്യയുടെ അപേക്ഷ അംഗീകരിച്ച് പ്രത്യേക കേസായി പരിഗണിച്ചാണ് നിയമനം.
തടവുകാര്‍ക്ക് പ്രത്യേക ശിക്ഷ ഇളവ്: ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്‍റെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ പ്രത്യേക ശിക്ഷ ഇളവിന് 33 തടവുകാരെ ശുപാര്‍ശ ചെയ്യും. നേരത്തെ 34 പേരെ ശുപാര്‍ശ ചെയ്‌തിരുന്നെങ്കിലും ഒരാളെ ഒഴിവാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുകയായിരുന്നു. ഭരണഘടനയുടെ 161 അനുച്ഛേദം നല്‍കുന്ന അധികാരം ഉപേയാഗിച്ചാണ് വിടുതല്‍ അനുവദിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ജയില്‍ വകുപ്പ് മേധാവി എന്നിവര്‍ അടങ്ങുന്ന സമിതി നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം.
ഊന്നി/കുറ്റിവലകള്‍ നീക്കം ചെയ്‌തതിന് നഷ്‌ടപരിഹാരം: കൊല്ലം ജില്ലയിലെ അഷ്‌ടമുടി കായലില്‍ നീണ്ടകര അഴിമുഖത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ഊന്നി/കുറ്റിവലകള്‍ നീക്കം ചെയ്‌തതിന് നഷ്‌ടപരിഹാരമായി ഒരു കോടി 13 ലക്ഷം രൂപ അനുവദിച്ചു. 38 ഊന്നി / കുറ്റിവല ഉടമകള്‍ക്കാണ് നഷ്‌ടപരിഹാരം ലഭിക്കുക. ഈ പ്രദേശത്ത് ഇനി ഊന്നി/കുറ്റിവലകള്‍ സ്ഥാപിക്കപ്പെടുന്നില്ല എന്ന് ഫിഷറീസ്-ജലവിഭവ വകുപ്പുകള്‍ ഉറപ്പു വരുത്തണം എന്ന വ്യവസ്ഥയോടെയാണ് നഷ്‌ടപരിഹാരം അനുവദിച്ചിരിക്കുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് വൈറോളജിയ്‌ക്ക് വിവിധ മേഖലകളില്‍ അംഗീകാരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് വൈറോളജിയുടെ കരട് സംഘടനാപ്രമാണം (Memorandum of Association), നിയമാവലി (Rules & Regulations) എന്നിവയ്ക്ക് അംഗീകാരം നല്‍കി. ഗവേര്‍ണിങ് കൗണ്‍സിലില്‍ സര്‍ക്കാര്‍ നോമിനികളായി വില്യം ഹാള്‍ (യുണിവേഴ്‌സിറ്റി കോളേജ് ഡബ്ലിനിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗം പ്രൊഫസര്‍, സീനിയര്‍ ഉപദേഷ്‌ടാവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് വൈറോളജി), എം സി ദത്തന്‍, പ്രൊഫ. എം രാധാകൃഷ്‌ണപ്പിള്ള. പ്രൊഫ. സുരേഷ് ദാസ്, പ്രൊഫ. എസ് മൂര്‍ത്തി ശ്രീനിവാസുല, ഡോ. ബി ഇക്ബര്‍, ഡോ. ജേക്കബ് ജോണ്‍ എന്നിവരെ തീരുമാനിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‌ഡ് വൈറോളജി സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നതിന് എട്ട് അംഗങ്ങളെയും ഉള്‍പ്പെടുത്തി.
സര്‍ക്കാര്‍ ഗ്യാരന്‍റി: ദേശീയ സഫായി കര്‍മ്മചാരി ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ (NSKFDC) പദ്ധതികള്‍ വിപുലമായി നടപ്പാക്കുന്നതിനായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ 100 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്‍റി വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിച്ചു.
എസ്. അനില്‍ ദാസിന് പുനര്‍ നിയമനം: കേരള സ്റ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍റെ മാനേജിങ് ഡയറക്‌ടറായി എസ്. അനില്‍ ദാസിന് വ്യവസ്ഥകള്‍ക്ക് വിധേയമായി പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചു.