തിരുവനന്തപുരം: ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ ഉയരുന്ന വിമര്‍ശനത്തില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. ശ്രീജേഷിന് ഉചിതമായ അംഗീകാരം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. ഇക്കാര്യം മന്ത്രിസഭായോഗം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒളിമ്പിക്‌സിലെ അഭിമാനതാരമായ ശ്രീജേഷിന് ഉചിതമായ പാരിതോഷികം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയവേ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ് വിദ്യാഭ്യാസ മന്ത്രിയോടാവശ്യപ്പെട്ടത്. കേരളത്തില്‍ ഏറ്റവും ഒടുവില്‍ നടന്ന ദേശീയ ഗെയിംസിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ ശ്രീജേഷിന് ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാന കയറ്റം നല്‍കിയതെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
പാരിതോഷിക തീരുമാനം ബുധനാഴ്‌ച
അന്നത്തെ ഒളിമ്പിക്‌സ് സംഘാടക സമിതിയില്‍ ശിവന്‍കുട്ടി ഉണ്ടായിരുന്ന കാര്യവും തിരുവഞ്ചൂര്‍ ഓര്‍മിപ്പിച്ചു. ശ്രീജേഷിന് പാരിതോഷികം നല്‍കുന്ന കാര്യം ബുധനാഴ്‌ച നടക്കുന്ന മന്ത്രിസഭായോഗം തീരുമാനിക്കുമെന്നാണ് സൂചന.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ സ്വദേശികളായ ഒളിമ്പിക്‌സ് ജേതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ പാരിതോഷികമായി കോടികളും ജോലി വാഗ്‌ദാനവും നല്‍കുന്ന കീഴ്‌വഴക്കമുണ്ട്. ഇത് ചൂണ്ടിക്കാണിച്ച് കേരള സര്‍ക്കാരിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
ALSO READ: നടിയെ ആക്രമിച്ച കേസ് : സാക്ഷി വിസ്‌താരത്തിന് ഹാജരായി കാവ്യ മാധവന്‍