തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളെ പറ്റി പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ആപ്പ് സംവിധാനം തയാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡുകളുടെ പരിപാലനം കൂടുതല്‍ ജനകീയമാക്കുന്നതിന്‍റെ ഭഗമായാണ് ആപ്പ് ഒരുക്കുന്നത്.
ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭിക്കും. ആപ്പിലൂടെ അറിയിക്കുന്ന പരാതികള്‍ എസ്എംഎസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എന്‍ജിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ച ശേഷം ഇക്കാര്യം ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യും. തുടര്‍ വിവരങ്ങളും പരാതിക്കാര്‍ക്ക് ആപ്പിലൂടെ അറിയാം.
Also Read: കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: വി.ഡി സതീശനെതിരെ പരാതി
പൊതുമരാമത്ത് റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി നടപ്പാക്കുന്ന റോഡ് മെയിന്‍റനന്‍സ് മാനേജ്‌മെന്‍റ് സിസ്റ്റത്തിന്‍റെ ഭാഗമായാണ് ആപ്പ് രൂപപ്പെടുത്തുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 7000 കിലോമീറ്റര്‍ കോര്‍ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സിസ്റ്റത്തില്‍ ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.