തിരുവനന്തപുരം: താൻ മന്ത്രിയായത് ലാറ്റിൻ കാത്തലിക് അസോസിയേഷന്‍റെ (Latin Catholic Association) തീരുമാന പ്രകാരമല്ലെന്ന് മന്ത്രി ആന്‍റണി രാജു. താൻ ഒരു സമുദായത്തിന്‍റെ മന്ത്രിയല്ലെന്നും അദ്ദേഹം പറഞ്ഞു (Antony Raju on his Ministership). കെഎൽസിഎയുടെ തണലിൽ രാഷ്‌ട്രീയ പ്രവർത്തനം തുടങ്ങിയ ആളല്ല താനെന്നും മന്ത്രി ആന്‍റണി രാജു തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് അനുകൂല സംഘടനയാണ് കെഎൽസിഎ. ആ സംഘടനയുടെ ഭാരവാഹികൾ കോൺഗ്രസ് നേതാക്കളാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ചർച്ചകൾക്ക് പിന്നിൽ ഇടത് മുന്നണിയെ സ്നേഹിക്കുന്നവർ അല്ല. ഇത് മാധ്യമ സൃഷ്‌ടി മാത്രമല്ലെന്നും മറ്റ് ചില കേന്ദ്രങ്ങൾ പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആന്‍റണി രാജു പറഞ്ഞു.
'ഇടത് മുന്നണിയിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുകയാണ്. എൽഡിഎഫ് കരുത്തുറ്റ മുന്നണിയാണ്. മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് ബുധനാഴ്‌ച ചേരുന്ന എൽഡിഎഫ് യോഗം ചർച്ച ചെയ്യുമെന്ന് കരുതുന്നില്ല. രണ്ടു മാസം ഇനിയും സമയമുണ്ട്. എൽഡിഎഫ് കൃത്യമായ തീരുമാനമെടുക്കും', മന്ത്രി വ്യക്തമാക്കി.
മന്ത്രിയാകാൻ ആഗ്രഹിച്ച ഒരാളല്ല താനെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായിരിക്കുന്ന കാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ താത്‌പര്യങ്ങൾക്കനുസരിച്ച്, ജനാഭിലാഷം മാനിച്ച് പരമാവധി നന്നായി പ്രവർത്തിക്കുക എന്നതാണ് പ്രധാനം. ആർക്കും സ്ഥിരമായി ഉള്ളതല്ല മന്ത്രിസ്ഥാനം. കെ ബി ഗണേഷ് കുമാറിനെതിരായ ആരോപണങ്ങൾ വിലയിരുത്തേണ്ടത് ഇടത് മുന്നണിയാണെന്നും ആന്‍റണി രാജു പറഞ്ഞു.
അതേസമയം മന്ത്രിസ്ഥാനം കിട്ടാന്‍ ആന്‍റണി രാജു ലത്തീന്‍ സഭയുടെ സഹായം തേടിയതായാണ് ഫാദര്‍ യൂജിന്‍ പെരേരയുടെ ആരോപണം. രണ്ടര വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷവും മന്ത്രിസ്ഥാനം കിട്ടാന്‍ സഭയെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കാൻ ആന്‍റണി രാജു സമീപിച്ചതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആന്‍റണി രാജുവിന് നിഷേധിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
ആന്‍റണി രാജു നിൽക്കുന്ന നിലയ്‌ക്ക് കണ്ടം ചാടുന്ന ആളാണെന്നായിരുന്നു യൂജിൻ പെരേരയുടെ ആക്ഷേപം. അഞ്ച് വര്‍ഷത്തേക്കുള്ള മന്ത്രി സ്ഥാനത്തിന് ഓശാരം പറയിക്കാന്‍ തന്നെ നേരിട്ട് വന്ന് ആന്‍റണി രാജു കണ്ടിട്ടുണ്ടെന്നും യൂജിൻ പെരേര പറഞ്ഞു. താന്‍ ലത്തീന്‍ സഭയുടെ മാത്രം മന്ത്രിയല്ല എന്ന ആന്‍റണി രാജുവിന്‍റ പ്രസ്‌താവനയ്‌ക്ക് പിന്നാലെയായിരുന്നു ഫാദര്‍ യൂജിന്‍ പെരേരയുടെ പ്രതികരണം.
ആന്‍റണി രാജുവിനെതിരെ നേരത്തെയും യൂജിൻ പെരേര ആക്ഷേപം ഉന്നയിച്ചിരുന്നു. ആന്‍റണി രാജുവിന് അർഹിക്കാത്ത സ്ഥാനം കൊടുക്കാൻ തങ്ങളൊക്കെ തന്നെയാണ് ആവശ്യപ്പെട്ടതെന്നും അധികാരം കിട്ടിയ ശേഷം മന്ത്രിക്ക് ഹാലിളകിയിരിക്കുകയാണെന്നും ഫാദർ യൂജിൻ പെരേര നേരത്തെ ഇ ടി വി ഭാരതിനോട് പ്രതികരിച്ചിരുന്നു.