തിരുവനന്തപുരം : ഒന്ന് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ വാർഷിക പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 13ന് ആരംഭിച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. എല്ലാദിവസവും ഉച്ചയ്‌ക്ക് ശേഷമാണ് പരീക്ഷ.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 2:15 മുതൽ വൈകിട്ട് 4:45 വരെയും മറ്റ് ദിവസങ്ങളിൽ 1:30 ത് മുതൽ വൈകിട്ട് 3:45 വരെയുമാണ് പരീക്ഷാസമയം. എസ്‌എസ്‌എൽസി ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് രാവിലെ പരീക്ഷ ഉള്ളതിനാലാണ് മറ്റ് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉച്ചയ്‌ക്ക് ശേഷം നടത്തുന്നത്. ക്യുഐപി(ഗുണനിലവാരമേൽനോട്ടസമിതി)യുമായുള്ള യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പരീക്ഷ കഴിഞ്ഞ് മാർച്ച് 31ന് സ്‌കൂളുകൾ മധ്യവേനലവധിക്കായി അടയ്ക്കും.
സംസ്ഥാനത്തെ നാല്, ഏഴ് ക്ലാസുകളിലെ എൽഎസ്‌എസ് - യു എസ്‌എസ് പരീക്ഷകൾ മാർച്ചിൽ നടത്താൻ ധാരണ. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. എൽഎസ്‌എസ് - യുഎസ്‌എസ് പരീക്ഷകൾ കോവിഡ് കാലത്തിന് മുൻപ് ഫെബ്രുവരിയിലായിരുന്നു നടന്നിരുന്നത്. പിന്നീട് രണ്ടുവർഷവും പരീക്ഷ ജൂണിലേക്ക് നീട്ടി.
എന്നാൽ ഈ വർഷം മുതൽ പരീക്ഷകൾ മുൻകാലങ്ങളിലെ പോലെ വേനലവധിക്ക് മുൻപായി തന്നെ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. എസ്എസ്എൽസി പരീക്ഷ മാർച്ച് ഒൻപതിനാണ് തുടങ്ങുക. പത്താം ക്ലാസിലെ ഐടി പരീക്ഷകൾ കഴിഞ്ഞദിവസം തന്നെ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു.
2960 പരീക്ഷാകേന്ദ്രങ്ങളിലായി 4,19,363 വിദ്യാർഥികളാണ് ഇത്തവണ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്. ലക്ഷദ്വീപിലെ എട്ട് സ്‌കൂളുകളിൽ നിന്നായി 289 പേരും ഗൾഫിലെ എട്ട് സ്‌കൂളുകളിൽ നിന്നായി 518 പേരും ആണ് എസ്‌എസ്‌എൽസി പരീക്ഷയിൽ പങ്കെടുക്കുക. സർക്കാർ സ്‌കൂളുകളിൽ നിന്ന് 1,40704 വിദ്യാർഥികളും എയ്‌ഡഡ് സ്‌കൂളുകളിൽ നിന്ന് 2,51567 വിദ്യാർഥികളും അൺ എയ്‌ഡഡ് സ്‌കൂളുകളിൽ നിന്ന് 27,092 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്.