തിരുവനന്തപുരം : കേരളത്തിൽ കടുവകളും കാട്ടാനകളും കുറയുന്നു. 297 സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചുനടത്തിയ സർവേയില്‍ 84 കടുവകളും 1920-2386 വരെ ആനകളുമാണ് സംസ്ഥാനത്തെ വിവിധ കാടുകളിലായി ഉള്ളതെന്ന് കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. 2018 ൽ 120 കടുവകൾ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് നാല് വർഷം കൊണ്ടുള്ള ഈ കുറവ്.
2017 ഇൽ 3322 കാട്ടാനകളാണ് ഉണ്ടായിരുന്നത്. വന്യമൃഗങ്ങൾക്ക് കുറവ് വന്നിരിക്കുന്നത് മൃഗ വേട്ട കാരണമല്ല. ആന വേട്ട നടക്കുന്നില്ലെന്ന് പറയാൻ താൻ ആളല്ല. എങ്കിലും വനം ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടിന്മേൽ വേണ്ട നടപടികൾ കൈക്കൊള്ളും. മനുഷ്യരെയും മൃഗങ്ങളെയും ഒരേപോലെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
പെരിയാർ ടൈഗർ റിസർവിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സർവേ പൂർത്തിയാക്കിയത്. ഏപ്രിൽ 10 മുതല്‍ മെയ് 25 വരെയായിരുന്നു സർവേ നടന്നത്. കേന്ദ്രസർക്കാർ നടത്തിയ സർവേ ഇപ്പോഴും പുറത്തുവിട്ടില്ലെന്നും സംസ്ഥാന സർക്കാർ ഇതിൽ കൃത്യമായി ഇടപെട്ടുവെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
കടുവകളുടെ സെൻസസിനായി 297 ഇടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. ഇതിൽ കണ്ണൂർ ഫോറസ്റ്റ് ഡിവിഷനും ആറളം ലൈഫ് സാങ്ച്വറി ഒഴികെയുള്ള വയനാട് ലാൻസ് കേക്കിലെ എല്ലാ ഫോറസ്റ്റ് ഡിവിഷനുകളിൽ നിന്നും കടുവകളുടെ ചിത്രങ്ങൾ ലഭിച്ചു. ഇത്തരത്തിൽ 160 സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്‌തമായ കടുവകളുടെ ചിത്രങ്ങൾ ശേഖരിച്ചായിരുന്നു കടവുകളുടെ സർവേ നടത്തിയത്. നിലവിലെ എണ്ണത്തിനു പുറമേ കുട്ടിക്കടുവകളും ഉണ്ടെന്നും ചില കടുവകൾ വിഹാര മേഖലകളില്‍ നിന്ന് പോയിട്ടുണ്ടാകും എന്നും അവയുടെ എണ്ണം കണക്കാക്കാൻ സാധിച്ചിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി.
കാട്ടാനകൾ നാട്ടിലേക്ക് വരുന്നത് വനങ്ങൾക്ക് ഉൾക്കൊള്ളാവുന്നതിൽ അധികം എണ്ണം കാട്ടാനകൾ ഉള്ളതിനാലാണ് എന്ന വ്യാഖ്യാനം വ്യാപകമായി പ്രചരിക്കുന്ന സാഹചര്യമാണ് കാട്ടാനകളുടെ കണക്കെടുപ്പ് നടത്തുന്നതിന് കാരണമായതെന്നും തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങള്‍ കേരളത്തോടൊപ്പം കാട്ടാനകളുടെ കണക്കെടുപ്പ് നടത്തിയെതെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ സൂചിപ്പിച്ചു. മെയ് 17 മുതൽ 19 വരെയായിരുന്നു കാട്ടാനകളുടെ കണക്കെടുപ്പ്. ആനപ്പിണ്ഡത്തിന്‍റെ കണക്കെടുപ്പ്, ഡിജിറ്റൽ മാപ്പുകൾ എന്നിവയിലൂടെയാണ് കാട്ടാനകളുടെ സർവേ നടത്തിയത്.
മുട്ടിലിൽ മരം മുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചെയ്യാനുള്ളതെല്ലാം ചെയ്‌തുവെന്നും ആദ്യമായി മുറിച്ച മരങ്ങളുടെ ഡിഎൻഎ ടെസ്റ്റ് നടത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. മരത്തിന് കൂടുതൽ മൂല്യം ഉണ്ടെന്ന് കണ്ടെത്തി. ഇനി നടപടി സ്വീകരിക്കേണ്ടത് ക്രൈം ബ്രാഞ്ചാണെന്നും മന്ത്രി പറഞ്ഞു.