തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റോഡ് സുരക്ഷാ കമ്മിഷണര്‍ അനില്‍കാന്ത് ഐപിഎസിനെ സര്‍ക്കാര്‍ നിയമിച്ചു. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. വിജിലന്‍സ് ഡയറക്ടര്‍, ഫയര്‍ഫോഴ്‌സ് മേധാവി, ജയില്‍മേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
വയനാട് എഎസ്‌പിയായി സേവനം ആരംഭിച്ച അനില്‍കാന്ത്, തിരുവനന്തപുരം റൂറല്‍ എസ്പി, റെയില്‍വേ എസ്പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോംഗ് എന്നിവിടങ്ങളില്‍ ഇന്‍റലിജൻസ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി. പിന്നീട് മടങ്ങിയെത്തി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി. എഡിജിപിയായി സ്ഥാനകയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡി, സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ ഡിജിപി
പൊളിറ്റിക്കല്‍സയന്‍സില്‍ ബിരുദാനന്തര ബിരുദ ധാരിയായ അനില്‍കാന്ത് ഡല്‍ഹി സ്വദേശിയാണ്. ദലിത് വിഭാഗത്തില്‍ നിന്ന് ആദ്യമായി സംസ്ഥാന പൊലീസ് മേധാവിയാകുന്ന വ്യക്തി എന്ന ബഹുമതിയും അനില്‍കാന്തിനുണ്ട്. യുപിഎസ്സി സമര്‍പ്പിച്ച ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ഡോ.ബി സന്ധ്യ, എസ് സുധേഷ്‌കുമാര്‍ എന്നിവരെ ഒഴിവാക്കിയാണ് അനില്‍കാന്തിനെ സര്‍ക്കാര്‍ പൊലീസ് മേധാവിയായി നിയമിച്ചത്.
Also Read: കരിപ്പൂർ സ്വർണക്കടത്ത്; ചുരുളഴിക്കാൻ കസ്റ്റംസ്
നിയമനത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പുതിയ പൊലീസ് മേധാവി നന്ദി രേഖപ്പെടുത്തി. 2022 ജനുവരിയാണ് അനില്‍കാന്തിന്‍റെ സര്‍വ്വീസ് കാലാവധിയെങ്കിലും കാലാവധി നീട്ടിനല്‍കുന്നകാര്യം സര്‍ക്കാര്‍ പരിഗണിച്ചേക്കും.