തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ ഹിറ്റ് കൂട്ടുകെട്ടായ സുഗീതും, നിഷാദ് കോയയും ഒന്നിക്കുന്ന ആനക്കട്ടിയിലെ ആനവണ്ടി എന്ന ചിത്രത്തിന്‍റെ പോസ്റ്റർ റിലീസ് ചെയ്‌തു. ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയാണ് ചിത്രത്തിന്‍റെ നിർമാണം. ഹിറ്റ് ചിത്രം ഓർഡിനറിയുമായി സാമ്യത തോന്നിക്കുന്ന തരത്തിൽ ആണ് ചിത്രത്തിന്‍റെ പോസ്റ്റർ ഡിസൈൻ.
എന്നാൽ ഇത് ഓർഡിനറിയുടെ രണ്ടാം പതിപ്പ് ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 'ഓർഡിനറി എന്ന ചിത്രം ഗവിയും ആ ഒരു ഭൂമികയും ഒക്കെ വച്ച് സംഭവിച്ച ഒരു സിനിമയാണ്.. അതിനൊരു രണ്ടാം ഭാഗം എന്നത് സാധ്യമല്ല, പക്ഷെ അതിലെ കഥാപാത്രങ്ങൾക്ക് ചിലപ്പോൾ ഒരു തുടർച്ചയുണ്ടായേക്കാമല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് ഈ കഥയിലേക്ക് എത്തപ്പെട്ടത്', എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതികരണം.
ഓർഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ എന്‍റർടെയ്‌നറുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ നിന്നും മറ്റൊരു എന്‍റർടെയ്‌നർ ആണെന്ന് ഉറപ്പാക്കുന്ന പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഇക്കൊല്ലം പകുതിയോടെ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. പാപ്പൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റാഫി മതിര നിർമിക്കുന്ന ചിത്രം കൂടിയാണിത്.
താരനിർണയം പുരോഗമിക്കുന്ന ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. ഫൈസൽ അലിയാണ് ഛായാഗ്രഹകൻ. സുജിത് ജനാർദ്ദനൻ ആണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ശബരിയാണ് പി ആർ ഒ.