തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സംസ്ഥാനത്ത് അടിയന്തര യുഡിഎഫ് യോഗം. കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നുവെന്ന ആരോപണവും സ്‌പ്രിംഗ്ലര്‍ വിവാദവുമുൾപ്പെടെ സർക്കാരിനെതിരായ പ്രതിഷേധം ചർച്ച ചെയ്യാനാണ് ചൊവ്വാഴ്ച യുഡിഎഫ് യോഗം ചേരുന്നത്. പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസില്‍ രാവിലെ 11 മണിക്കാണ് യോഗം ചേരുക.
വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും യോഗം. കൊവിഡ് നേരിടുന്നതിലും വിവര ശേഖരണത്തിന് അമേരിക്കൻ സ്വകാര്യ കമ്പനിയെ കൊണ്ടുവന്നതുമുൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി കാട്ടിയുള്ള പ്രതിഷേധ പരിപാടികൾക്ക് യോഗം രൂപം നൽകും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ കന്‍റോൺമെന്‍റ് ഹൗസിലും മറ്റു നേതാക്കള്‍ അവരവരുടെ വസതികളില്‍ നിന്നും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.