തിരുവനന്തപുരം: ഏപ്രില്‍ 29 ന് നിശ്ചയിച്ചിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ കേരളസന്ദര്‍ശനം റദ്ദാക്കി. സന്ദര്‍ശനം ഉപേക്ഷിച്ചിട്ടില്ലെന്നും മാറ്റിവെക്കുക മാത്രമാണ് ചെയ്‌തതെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പറഞ്ഞു. പുതുക്കിയ തീയതി ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്ന പട്ടികജാതി-പട്ടികവര്‍ഗ സംഗമവും പൊതുയോഗവും അമിത്ഷാ ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. അമിത് ഷായുടെ കേരളസന്ദര്‍ശനത്തില്‍ സംഘപരിവാറിന്‍റെ വിവിധ വിഭാഗം നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയും തീരുമാനിച്ചിരുന്നു. ഇതിന്‍റെ അവസാനഘട്ട തയ്യാറെടുപ്പുകളിലേക്ക് സംസ്ഥാന ബിജെപി നേതൃത്വം കടക്കവേയാണ് പുതിയ തീരുമാനം പുറത്ത് വന്നത്.
ഔദ്യോഗിക കാരണങ്ങള്‍ മൂലമാണ് സന്ദര്‍ശനം നീട്ടിവെക്കുന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിശദീകരണം. സംസ്ഥാനത്ത് ബിജെപി-എസ്‌ഡിപിഐ സംഘര്‍ഷം തുടരുന്നതിനിടെ കേരള ബിജെപി ഘടകം വലിയ പ്രതീക്ഷയോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തെ കാത്തിരുന്നത്.