തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ്റെ മകന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അനധികൃത നിയമനം നല്‍കിയതായി ആരോപണം. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ (ആര്‍ജിസിബി) ടെക്‌നിക്കല്‍ ഓഫിസര്‍ തസ്‌തികയില്‍ സുരേന്ദ്രൻ്റെ മകന്‍ കെ.എസ് ഹരികൃഷ്‌ണന് നിയമനം നല്‍കിയതിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജൂണിലായിരുന്നു നിയമനം.
പ്രത്യേക തസ്‌തിക സൃഷ്‌ടിച്ചാണ് നിയമനം നടത്തിയത്. ഹരികൃഷ്‌ണന് ജോലി ഉറപ്പാക്കാന്‍ ബിടെക് യോഗ്യതയാക്കി ഒരു തസ്‌തിക മാത്രം പ്രത്യേകം സൃഷ്‌ടിച്ച് നിയമിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ടെക്‌നിക്കല്‍ ഓഫിസറടക്കം മൂന്ന് ഒഴിവുകളിലേക്ക് ആര്‍ജിസിബി ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചത്.
ടെക്‌നിക്കല്‍ ഓഫിസര്‍ നിയമനത്തില്‍ മുന്‍പ് യോഗ്യതയായി നിശ്ചയിച്ചിരുന്നത് ബിരുദാനന്തര ബിരുദമായിരുന്നു. എന്നാല്‍ ഇത്തവണ യോഗ്യതയായി ബിടെക്ക് ആണ് നിഷ്‌കര്‍ഷിച്ചത്. ഇത് കെ.സുരേന്ദ്രൻ്റെ മകന് നിയമനം ഉറപ്പാക്കാനാണെന്നാണ് ആരോപണം.
എന്നാൽ ഈ ആരോപണങ്ങള്‍ കെ.സുരേന്ദ്രൻ നിഷേധിച്ചു. മകൻ്റെ ജോലിക്കായി ഒരിടപെടലും നടത്തിയിട്ടില്ല. യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയാണ് മകന് ലഭിച്ചിരിക്കുന്നത്. നിയമനം സംബന്ധിച്ച് എത് അന്വേഷണത്തിനും തയാറാണെന്നും സുരേന്ദ്രൻ പറഞ്ഞു.