തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികള്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍. ഒളിവിലായിരുന്ന മുഖ്യപ്രതികളായ അന്‍സര്‍, ഉണ്ണി എന്നിവരും ഒരു സ്ത്രീയുമാണ് ഇന്ന് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ടും ഗൂഡാലോചനയിലും പങ്കെടുത്ത പലര്‍ക്കും കോണ്‍ഗ്രസ് ബന്ധമുള്ളതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ ഉണ്ണി ഐ.എന്‍.ടി.യു.സി പ്രാദേശിക നേതാവാണ്. പ്രതി സജീവിനെ സഹായിച്ചതായി കരുതുന്ന സ്ത്രീയെ ചോദ്യം ചെയ്തുവരികയാണെന്നും ഇവരുടെ പങ്ക് ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. കേസിലെ ഗൂഡാലോചനയിലും പ്രതികളെ സഹായിക്കുന്നതിലും കൂട്ടുനിന്ന ഷജിത്ത്, സതി, അജിത്ത്, നജീബ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശത്തില്‍ തുടങ്ങിയ രാഷ്ട്രീയ വൈരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് ഗൂഡാലോചന സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി ബി അശോകന്‍ അറിയിച്ചു. ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട ഹഖിനും മിഥിലാജും നെഞ്ചില്‍ ആഴത്തിലേറ്റ കുത്തുമൂലമാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ ഇതുവരെ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഒരു സ്ത്രീയുള്‍പ്പെടെ അഞ്ച് പേര്‍ കസ്റ്റഡിയിലുണ്ട്.