തിരുവനന്തപുരം: കാസര്‍ഗോഡ്, മംഗലാപുരം ജില്ലകളില്‍ പ്രചാരത്തിലുണ്ടായിരിക്കുകയും 1960 കളില്‍ അന്യം നിന്നുപോവുകയും ചെയ്‌ത പരമ്പരാഗത കലാരൂപമായ അലാമിക്കളിക്ക് അരങ്ങൊരുക്കി കേരളീയം. കാസര്‍ഗോഡ്, ചെറുവത്തൂര്‍ യുവശക്തി കലാവേദിയുടെ പ്രവര്‍ത്തകരാണ് അലാമിക്കളിയെ പരിചയപ്പെടുത്താനെത്തിയത്. തിരുവനന്തപുരം കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ വളപ്പിലാണ് പരിപാടി സംഘടിപ്പിച്ചത്.
എന്താണ് അലാമിക്കളി: ദേഹത്താകെ ചകിരി കത്തിച്ച കരിതേച്ച്, കറുപ്പ് മുണ്ടുടുത്ത് അരിമാവ് കൊണ്ട് പുള്ളികുത്തി പായ തൊപ്പി ധരിച്ച് പ്രത്യേക താളത്തിന്‍റെയും ഗാനത്തിന്‍റെയും അകമ്പടിയോടെയായിരുന്നു അലാമിക്കളിയുടെ അവതരണം. കാസര്‍ഗോഡ് - മംഗലാപുരം മേഖലയിലെ സലഫി വിഭാഗത്തിലെ സഫീര്‍മാര്‍ ഒരു കാലത്ത് വ്യാപകമായി അനുഷ്‌ഠിച്ചുപോന്ന കലാരൂപമാണ് അലാമിക്കളി.
മുഹ്‌റത്തിന്‍റെ ഭാഗമായിരുന്നു ഈ കലാരൂപം അവതരിപ്പിച്ചിരുന്നത്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് അലാമിപ്പള്ളിയെന്ന് അറിയപ്പെടുന്ന ഒരു മുസ്‌ലിം പള്ളി തന്നെയുണ്ടെന്ന് അലാമിക്കളിയുടെ ടീമംഗവും കാസര്‍ഗോഡ് സ്വദേശിയുമായ ദിവാകരന്‍ പറയുന്നു. 1960 കള്‍ക്ക് ശേഷം സലഫി വിഭാഗക്കാര്‍ തന്നെ പതിയെ കലാരൂപത്തില്‍ നിന്നും പിന്‍വാങ്ങുകയും മുസ്‌ലിം സമൂഹം കാലക്രമേണ പരിഷ്‌കൃത രീതികളിലേക്ക് മാറിയതുമാണ് ഈ കലാരൂപം ക്ഷയിക്കാന്‍ കാരണം.
സാധാരണയായി പുരുഷന്മാര്‍ അവതരിപ്പിക്കുന്ന അലാമിക്കളി സ്ത്രീകളുടെ സംഘത്തെ പ്രത്യേക പരിശീലിപ്പിച്ചാണ് കേരളീയം വേദിയില്‍ അവതരിപ്പിച്ചതെന്നാണ് പരിശീലകന്‍ പ്രതീഷ് പറയുന്നത്. രണ്ട് മാസത്തോളമെടുത്ത തയ്യാറെടുപ്പുകളില്‍ വേഷവിധാനങ്ങളുടെ ഭാഗമായുള്ള പാളത്തൊപ്പിയുണ്ടാക്കാന്‍ തന്നെ ഒരു മാസത്തോളമെടുത്തുവെന്നും പ്രതീഷ് പറയുന്നത്.
അതേസമയം വിസ്‌മൃതിയിലേക്ക് പോയ നിരവധി കലാരൂപങ്ങള്‍ക്കാണ് കേരളീയത്തില്‍ വേദിയൊരുങ്ങുന്നത്. 42 വേദികളിലായി നടക്കുന്ന കേരളീയത്തില്‍ 30 വേദികളിലായി 4100 ഓളം കലാകാരന്മാര്‍ പങ്കെടുക്കുന്ന 300 ലധികം കലാപരിപാടികളാണ് നവംബര്‍ ഏഴുവരെ അരങ്ങേറുന്നത്.