തിരുവനന്തപുരം : എകെജി സെന്‍റർ ആക്രമണക്കേസിൽ നാലാം പ്രതി നവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി ഈ മാസം 19 ന് പുറപ്പെടുവിക്കും. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ആക്രമണത്തില്‍ പ്രധാന കണ്ണിയാണ് നാലാം പ്രതിയെന്നും ഗുഢാലോചനയിൽ പങ്കുണ്ടെന്നും സ്‌ത്രീ എന്ന പരിഗണന നൽകേണ്ടതില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പ്രോസിക്യൂട്ടർ ഹരീഷ് വാദിച്ചു. സ്‌കൂട്ടറും സ്ഫോടകവസ്‌തുവും എത്തിച്ച് നൽകിയ നാലാം പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസിൽ നവ്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. വാഹനം നൽകി എന്നത് മാത്രമേയുള്ളൂവെന്നും പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. മൃദുൽ ജോൺ പ്രൊസിക്യൂഷന് മറുപടി നൽകി.
ജൂൺ 30 ന് രാത്രി 11.25നാണ് എകെജി സെന്‍റര്‍ ആക്രമണം നടക്കുന്നത്. രാഹുൽ ഗാന്ധി എംപി യുടെ ഓഫിസ് തകർത്തതിന്‍റെ വൈരാഗ്യത്തിലാണ് പ്രതി എകെജി സെന്‍റർ ആക്രമണത്തിൽ പങ്കാളിയായത് എന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം.