തിരുവനന്തപുരം: മുന്‍ എംഎല്‍എയും പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷനുമായ എ വി ഗോപിനാഥ് നവകേരള സദസിൽ (Navakerala Sadas) പങ്കെടുത്തതിൽ പ്രതികരണവുമായി എ കെ ബാലൻ (AK Balan Says CPM Will Provide Political Protection To AV Gopinath). ഗോപിനാഥ് മാത്രമല്ല ഇനിയും പലരും ഇടതുപക്ഷത്തിന്‍റെ ഭാഗമാകുമെന്നും, പരിപാടിയില്‍ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുത്താൽ രാഷ്ട്രീയ സംരക്ഷണം നൽകുമെന്നും എ കെ ബാലൻ പറഞ്ഞു. തിരുവനന്തപുരം എകെജി സെന്‍ററിന് (AKG Centre) മുന്നിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
യുഡിഎഫും കോൺഗ്രസും ബിജെപിക്കെതിരെ സംസാരിച്ച് തുടങ്ങിയത് നവകേരള സദസിന്‍റെ വിജയമാണ്. കോൺഗ്രസിന്‍റെ സിപിഎം വിരുദ്ധ വികാരം ഭ്രാന്താവസ്ഥയിലെത്തി. സർക്കാരിനെ സംരക്ഷിക്കാൻ ജനം തയ്യാറാകുന്നു എന്നതിന്‍റെ തെളിവാണ് ഗോപിനാഥ് നവകേരള സദസിൽ എത്തിയതെന്നും എ കെ ബാലൻ പറഞ്ഞു.
കോൺഗ്രസിന്‍റെ തൃശ്ശൂർ എംപി ടിഎന്‍ പ്രതാപൻ (TN Prathapan MP) കേന്ദ്ര സർക്കാർ നയത്തിനെതിരായി അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുത്തിട്ടുണ്ട്. വൈകി വന്ന ഈ ബുദ്ധി നേരത്തെ വന്നിരുന്നെങ്കിൽ കേരളത്തിന് ഗുണം ചെയ്തേന. മുന്‍പ് ഒരക്ഷരം മിണ്ടാതിരുന്നവർ ഇപ്പോൾ കേന്ദ്രത്തിനെതിരെ പ്രതികരിക്കാൻ തുടങ്ങി. ബിജെപി ക്ക് അനുകൂലമായ സമീപനം സ്വീകരിച്ചു കഴിഞ്ഞാൽ ഒരു നിലനിൽപ്പും കേരളത്തിൽ ഉണ്ടാകില്ല എന്ന് മനസിലാക്കി തുടങ്ങിയെന്നും ബാലന്‍ ചൂണ്ടിക്കാട്ടി.
40 ശതമാനത്തോളം വോട്ടുകൾ ഇത്തവണ കോൺഗ്രസിന് ലഭിച്ചു. ഇനിയുള്ള അഞ്ച് ശതമാനം വോട്ടുകൾ ഇന്ത്യാ മുന്നണിക്ക് വിലപ്പെട്ടതാണ്. തോറ്റ തെലങ്കാനയിൽ 40 ശതമാനത്തെക്കാൾ കൂടുതലാണ്. എന്നിട്ടുപോലും അവർക്ക് അധികാരത്തിൽ വരാൻ കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പിന്‍റെ ഫലം ഉൾക്കൊണ്ട് മാന്യമായ സമീപനം ഇന്ത്യാ മുന്നണിയിലെ ഒരു പ്രധാനപ്പെട്ട കക്ഷി എന്നുള്ള നിലയിൽ സ്വീകരിച്ചാൽ അവർക്കും രാജ്യത്തിനും നല്ലതെന്നും എ കെ ബാലൻ പറഞ്ഞു.
നവ കേരള സദസ് ആറ് ജില്ലകളിലെ പര്യടനം കഴിഞ്ഞ് ഏഴാം ജില്ലയിലേക്ക് കടക്കുമ്പോള്‍ യുഡിഎഫിൽ അണിനിരന്ന വലിയൊരു വിഭാഗം ജനത ഐക്യദാർഢ്യവുമായി വരികയാണ്. ഷാഫി പറമ്പിൽ എംഎൽഎ കാണാമറയത്ത് നിന്നു കൊണ്ട് ഒളിഞ്ഞു നോക്കുകയാണ്. വേദിയിൽ വരുന്നതിന് പകരം മുഖ്യമന്ത്രി ശ്രദ്ധിക്കാനുള്ള കാര്യങ്ങൾ മാധ്യമങ്ങൾ വഴി പറയുന്നു. ഗോപിനാഥ് മാന്യമായി നേരിട്ട് വന്നു. നേരിട്ട് വന്നതിന്‍റെ പേരിൽ നടപടി, കാണാമറയത് നിന്നയാൾക്ക് നേരെ യാതൊരു നടപടിയുമില്ലെന്ന് ബാലന്‍ പരിഹസിച്ചു.
എല്ലാ ജില്ലയിലും കോൺഗ്രസിന്‍റെയും ലീഗിന്‍റെയും നേതാക്കളും അണികളും രംഗത്ത് വരികയാണ്. ഇത്ര വലിയ ജനസമൂഹം ഇതിന് വേണ്ടി രംഗത്ത് വരുമെന്ന് ഞങ്ങൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. ഗവൺമെന്‍റിനെ സംരക്ഷിക്കാൻ ജനത തയ്യാറായിരിക്കുന്നതിന്‍റെ തെളിവാണെന്ന് നവ കേരള സദസിലെ തിരക്ക്. മരിക്കേണ്ടി വന്നാലും ഒരു ഭീഷണിക്ക് മുന്നിലും തലകുനിക്കില്ലെന്ന് ഗോപിനാഥ് തന്നെ പറഞ്ഞു. അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് ഒഴിവാക്കുമെന്ന് പറയുന്നു. എന്നാൽ സിപിഎമ്മിന്‍റെ ഭാഗമാകണമെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. അദ്ദേഹവും കോൺഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ല.
ഏതെങ്കിലും പദവികൾ കാട്ടിയല്ല ഇടതുപക്ഷത്തേയ്‌ക്ക് ആളെ കൂട്ടുന്നത്. പക്ഷെ കോൺഗ്രസിനുള്ളിലെ നേതാക്കൾ എൽഡിഎഫിനൊപ്പം വന്നപ്പോൾ അവരുടെ മേൽവിലാസം നഷ്‌ടപെട്ടിട്ടില്ല. മാന്യമായ സമീപനം ഞങ്ങൾ കാട്ടിയിട്ടുണ്ട്. ജാഥയുമായി സഹകരിക്കുന്ന ആളുകൾക്ക് നേരെ നടപടി ഉണ്ടായാൽ ആ സമീപനം തന്നെയാകും ഞങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാവുകയെന്നും എ കെ ബാലൻ പറഞ്ഞു.