തിരുവനന്തപുരം: മുസ്ലിം ലീഗിനും പികെ കുഞ്ഞാലിക്കുട്ടി എംപിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എകെ ബാലൻ. മുസ്ലിം ലീഗിൻ്റെ മതനിരപേക്ഷതയ്ക്ക് യോജിച്ച സമീപനമല്ല കുഞ്ഞാലിക്കുട്ടിയുടേതെന്ന് എകെ ബാലൻ പറഞ്ഞു. ലീഗ് നേതൃത്വം വഴിവിട്ട സമീപനത്തിലേയ്ക്കാണ് നീങ്ങുന്നത്. മുസ്ലിം നേതൃത്വത്തെ കുഞ്ഞാലിക്കുട്ടി ഏത് ദിശയിലേയ്ക്കാണ് കൊണ്ടു പോകുന്നതെന്ന് ലീഗ് പരിശോധിക്കണം.
മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള സ്ഥാനം കുഞ്ഞാലിക്കുട്ടി വിചാരിച്ചാൽ ഇല്ലാതാക്കാൻ കഴിയില്ലെന്നും മുസ്ലിങ്ങൾക്കിടയിൽ റഫറണ്ടം വച്ചാൽ കുഞ്ഞാലിക്കുട്ടിയേക്കാൾ വോട്ട് പിണറായി വിജയന് ലഭിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു. യുഡിഎഫിനുള്ളിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാകാൻ പോകുന്നത്. മുഖ്യമന്ത്രി സ്ഥാനാർഥിയായി രമേശ് ചെന്നിത്തല വന്നു പോകുമോയെന്നാണ് കോൺഗ്രസിലെ ആശങ്ക. ഉമ്മൻ ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിൻ്റെ അൻപതാം വാർഷികാഘോഷവും ഇത്തരം അജണ്ടയുടെ ഭാഗമാണെന്നും യുഡിഎഫിനെ ഏകീകരിപ്പിക്കാനാണ് സർക്കാർ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നും എ.കെ ബാലൻ ആരോപിച്ചു.