തിരുവനന്തപുരം: കാര്യോപദേശക സമിതി റിപ്പോർട്ടിലെ ചർച്ചക്ക് സമയം അനുവദിക്കുന്നത് സംബന്ധിച്ച് സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനും നിയമ മന്ത്രി എ.കെ.ബാലനും തമ്മിൽ നിയമസഭയില്‍ തർക്കം. സമിതിയുടെ റിപ്പോർട്ടിൻ മേൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ച ഉപക്ഷേപത്തിലെ ചർച്ചയിലാണ് സ്പീക്കറെ മന്ത്രി ചോദ്യം ചെയ്തത്.
30 മിനിട്ട് ചർച്ചയിൽ പ്രതിപക്ഷത്തിന് മാത്രമാണ് സ്‌പീക്കര്‍ സമയം അനുവദിച്ചതെന്നാരോപിച്ചാണ് തര്‍ക്കമുണ്ടായത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു പോലെ അവസരം നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം സ്‌പീക്കര്‍ തള്ളി. എഴുതി നല്‍കിയവര്‍ക്ക് മാത്രമാണ് സമയം അനുവദിക്കുകയെന്ന് സ്‌പീക്കര്‍ വ്യക്തമാക്കി.