തിരുവനന്തപുരം: സംസ്ഥാനത്തെ ചലച്ചിത്ര അവാര്‍ഡ് വിതരണത്തെ ചൊല്ലിയുണ്ടായ വിവാദം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി എ.കെ. ബാലന്‍. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് പുരസ്‌കാര വിതരണമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. രോഗവ്യാപനം ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രി സ്വന്തം കൈകൊണ്ട് പുരസ്‌കാരം എടുത്ത് അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കാതിരുന്നത്. അവാര്‍ഡ് ജേതാക്കളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയിരുന്നു. രോഗബാധ തടയുന്നതിനായി സ്വീകരിച്ച മുന്‍കരുതലിനെ മഹാ അപരാധമായി ചിത്രീകരിക്കുന്നത് ഖേദകരമാണെന്നും എ.കെ. ബാലന്‍ പറഞ്ഞു.
അതേസമയം, യു.ഡി.എഫിനും പ്രതിപക്ഷ നേതാവിനും എതിരെ രൂക്ഷ വിമര്‍ശനമാണ് എ.കെ. ബാലന്‍ നടത്തിയത്. സര്‍ക്കാരിന് എതിരെ കല്ലുവച്ച നുണകള്‍ പ്രതിപക്ഷം പ്രചരിപ്പിക്കുന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ജാഥ കൊവിഡിനെ ക്ഷണിച്ചുവരുത്തുകയാണ്. വിജരാഘവനെതിരായ ആരോപണങ്ങള്‍ സി.പി.എമ്മിനെ ലക്ഷ്യമിട്ടുള്ളതാണെന്നും കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്നും എ.കെ.ബാലന്‍ പറഞ്ഞു