തിരുവനന്തപുരം: വക്കം പുരുഷോത്തമൻ തൊട്ടതെല്ലാം പൊന്നാക്കിയ രാഷ്‌ട്രീയ നേതാവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി. വഹിച്ച ചുമതലകളിലെല്ലാം തന്‍റേതായ കയ്യൊപ്പ് ചാർത്തിയ ആളാണ് വക്കം. പ്രതിപക്ഷ - ഭരണപക്ഷമില്ലാതെ എല്ലാവരോടും ഒരുപോലെ ഇടപെട്ട കർക്കശക്കാരനായ സ്‌പീക്കറായിരുന്നു അദ്ദേഹം. വിപ്ലവകരമായ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കിയ നേതാവാണ് അദ്ദേഹമെന്നും എകെ ആന്‍റണി അനുസ്‌മരിച്ചു.
'തൊട്ടതെല്ലാം പൊന്നാക്കിയ രാഷ്‌ട്രീയ നേതാവാണ് വക്കം പുരുഷോത്തമന്‍. രാഷ്‌ട്രീയ - ഭരണ രംഗത്ത് വലിയ പങ്കുവഹിച്ചു. അദ്ദേഹത്തിന്‍റെ ഭരണ ചാതുര്യവും ജനസമ്മതിയും ഒരാൾക്കും വിസ്‌മരിക്കാൻ കഴിയില്ല. അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ കേരളത്തിനും കോൺഗ്രസിനും വലിയ നഷ്‌ടമാണ് സംഭവിച്ചത്. തിരുവനന്തപുരത്ത് അടിത്തറയുള്ള കോൺഗ്രസ് പാര്‍ട്ടിയെ കെട്ടിപ്പടുക്കാൻ വക്കം പുരുഷോത്തമന് കഴിഞ്ഞു.'- എകെ ആന്‍റണി പറഞ്ഞു.
'വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു വക്കം': മന്ത്രി ശിവൻകുട്ടി: ഭരണാധികാരി എന്ന നിലയിലും രാഷ്‌ട്രീയ പ്രവർത്തകന്‍ എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു വക്കം പുരുഷോത്തമനെന്ന് മന്ത്രി വി ശിവൻകുട്ടി. വക്കത്തിന് അന്ത്യാഞ്‌ജലി അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌പീക്കർ എന്നുള്ള നിലയിൽ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാർലമെന്‍റ് അംഗം എന്ന നിലയിലും ലെഫ്‌റ്റനന്‍റ് ഗവർണർ എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തന്‍റെ നല്ല കാലം മുഴുവൻ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും ഏറ്റെടുത്തവയില്‍ കയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിന് കഴിയുകയുമുണ്ടായി. അദ്ദേഹത്തിന്‍റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
മൃതദേഹം കുമാരപുരത്തെ വസതിയിൽ; സംസ്‌കാരം ബുധനാഴ്‌ച: വക്കം പുരുഷോത്തമന്‍റെ മൃതദേഹം കുമാരപുരത്തെ പൊതുജനം റോഡിലെ വസതിയിൽ എത്തിച്ചിരുന്നു. നേതാക്കളായ രമേശ് ചെന്നിത്തല, വിഎസ് ശിവകുമാർ, പാലോട് രവി, മന്ത്രി വി ശിവൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ വീട്ടിലെത്തി അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിച്ചു. കിംസ് ആശുപത്രിയിൽ നിന്നും വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം വസതിയിൽ എത്തിച്ചത്. ഇന്ന് രാത്രി മൃതദേഹം അദ്ദേഹത്തിന്‍റെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും.
നാളെ രാവിലെ ഒന്‍പത് മണിക്ക് ഡിസിസിയിലും 11 മണിക്ക് കെപിസിസിയിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചക്ക് ശേഷം ദീർഘനാൾ അദ്ദേഹം പ്രതിനിധീകരിച്ച ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും. ആറ്റിങ്ങൽ ടൗൺ ഹാളിൽ പൊതുദർശനത്തിനുവച്ച ശേഷം വൈകുന്നേരത്തോടെ വക്കത്തേക്ക് കൊണ്ടുപോകും. തുടർന്ന് ബുധനാഴ്‌ച 12 മണിയോടെ സംസ്‌കരിക്കും.
അനുശോചിച്ച് പ്രതിപക്ഷ നേതാവ്: ആരെയും കൂസാത്ത ഒരു സമ്മര്‍ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോണ്‍ഗ്രസ് തറവാട്ടിലെ കാരണവര്‍, കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരി, വ്യക്തതയും കണിശതയുമുള്ള നിലപാടുകളാണ് വക്കത്തിന്‍റേതെന്നും വിഡി സതീശൻ ഫേസ്ബുക്കില്‍ കുറിച്ചു.