തിരുവനന്തപുരം: എം.ജി യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തില്‍ എസ്.എഫ്.ഐക്കെതിരെ (SFI) കൂടുതല്‍ ആരോപണങ്ങളുമായി എ.ഐ.എസ്.എഫ് (AISF). ആര്‍.എസ്.എസും(RSS) എസ്.എഫ്.ഐയും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളെന്ന് സംസ്ഥാന സെക്രട്ടറി ജെ. അരുണ്‍ ബാബു പറഞ്ഞു.
കലാലയങ്ങളില്‍ ഫാഷിസ്റ്റ് പ്രവണതകളാണ് നടക്കുന്നത്. എസ്.എഫ്.ഐയെ വിജയിപ്പിക്കാനായി തെരഞ്ഞെടുപ്പ് രീതികള്‍ വര്‍ഷം തോറും പരിഷ്‌കരിക്കുന്നു. വനിത സഖാവിന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവങ്ങളാണ് എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായത്. ജാതീയമായും ശാരീരികമായും ആക്രമിച്ചു. പുരോഗമനം പറയുന്നവര്‍ അത് സ്വന്തം കലാലയങ്ങളില്‍ നടപ്പാക്കാന്‍ ശ്രമിക്കണം. എസ്.എഫ്.ഐ കിണറ്റിലകപ്പെട്ട തവളയെന്നും അരുണ്‍ ബാബു പറഞ്ഞു. യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും എ.ഐ.എസ്.എഫ് വ്യക്തമാക്കി.
ALSO READ: എം.ജി സംഘര്‍ഷം; എസ്.എഫ്.ഐ നേതാക്കൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്
അതേസമയം എസ്.എഫ്.ഐ നേതാക്കൾക്കെതിരായ കേസിൽ എ.ഐ.എസ്.എഫ് വനിതാ നേതാവിൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. കോട്ടയം ഡിവൈഎസ്‌പി ആണ് മൊഴിയെടുത്തത്. കേസിൻ്റെ അന്വേഷണ ചുമതല ഡിവൈഎസ്‌പിക്ക് കൈമാറിയിരുന്നു. എന്നാൽ എ.ഐ.എസ്.എഫിനെതിരെ എസ്.എഫ്.ഐ നൽകിയ കേസ് പ്രതിരോധിക്കാൻ മാത്രമാണെന്നാണ് എ.ഐ.എസ്.എഫ് ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്നും നേതൃത്വം പറഞ്ഞു. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് എസ്.എഫ്.ഐ പരാതി നൽകുന്നത്. സംഭവസമയത്തെ ദൃശ്യങ്ങൾ കണ്ടാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും എ.ഐ.എസ്.എഫ് ജില്ലാ നേതാക്കൾ ചൂണ്ടിക്കാട്ടി.