തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയുടെ ഏകാധിപത്യത്തിനെതിരെ പ്രതിഷേധവുമായി ഭരണപക്ഷ വിദ്യാർഥി സംഘടനയായ എഐഎസ്എഫ്. കഴിഞ്ഞ ദിവസം വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എഐഎസ്എഫും, എബിവിപിയും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. സെക്രട്ടേറിയറ്റിന് മുമ്പിൽ പൊലീസ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച എഐഎസ് എഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു വിദ്യാർഥിക്ക് പരിക്കേറ്റു.
യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിൽ ചന്ദ്രനെ കുത്തിയ സംഭവത്തിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് എഐഎസ്എഫ് ആരോപിച്ചു. എസ്എഫ്ഐ യുടെ ഗുണ്ടായിസമാണ് യൂണിവേഴ്സിറ്റി കോളജിൽ നടക്കുന്നതെന്ന് എഐഎസ്എഫ് ആരോപിച്ചു. കോളജിൽ എഐഎസ്എഫ് യൂണിറ്റ് രൂപീകരിച്ചതായി സംസ്ഥാന വൈസ് പ്രസിഡന്‍റ് ആർഎസ് രാഹുൽ രാജ് അവകാശപ്പെട്ടു. എസ്എഫ്ഐ നിലപാടുകൾക്കെതിരെ
എബിവിപിയും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീഹരി ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐയുടെ ഏകാധിപത്യ നിലപാട് അംഗീകരിക്കാനാവില്ലെന്നും സമരം തുടരുമെന്നും എബിവിപി നേതാക്കൾ പറഞ്ഞു.