തിരുവനന്തപുരം: പശ്ചിമ വ്യോമസേന ആസ്ഥാനത്തിന്‍റെ മേധാവിയായി കണ്ണൂര്‍ സ്വദേശിയായ എയര്‍മാര്‍ഷല്‍ ശ്രീകുമാര്‍ പ്രഭാകരൻ ചുമതലയേറ്റു. 1983 ഡിസംബര്‍ 22ന് വ്യോമസേനയില്‍ യുദ്ധവൈമാനികനായി കമ്മീഷന്‍ ചെയ്‌ത എയര്‍മാര്‍ഷല്‍ ശ്രീകുമാര്‍ നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ന്യൂഡല്‍ഹി നാഷണല്‍ ഡിഫന്‍സ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ അദ്ദേഹം വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്.
ഏകദേശം 5000 മണിക്കൂറുകള്‍ വായുസേനയുടെ ഒറ്റ എന്‍ജിന്‍ യുദ്ധ വിമാനങ്ങളും പരിശീലന വിമാനങ്ങളും പറപ്പിച്ചിട്ടുള്ള ശ്രീകുമാർ പ്രഭാകരൻ വിമാന പരിശീലകനായും(ക്യാറ്റ്-എ) സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സൂര്യകിരണ്‍ എയറോബാറ്റിക് ടീമിന്‍റെ കമാന്‍ഡിങ് ഓഫീസറായി മൂന്ന് വര്‍ഷം സേവനമനുഷ്‌ഠിച്ചു. സിംഗപ്പൂര്‍, മ്യാന്‍മാര്‍, ബാങ്കോക്ക് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ 150ല്‍ അധികം അപകടരഹിത പ്രദര്‍ശനങ്ങള്‍ കാഴ്‌ചവച്ചിട്ടുണ്ട്.
രണ്ട് സുപ്രധാന ഫ്ളയിങ് സ്റ്റേഷനുകളുടെ കമാന്‍ഡിങ് ഓഫിസറായി ചുമതല വഹിച്ചിട്ടുള്ള ശ്രീകുമാർ പ്രഭാകരൻ വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജില്‍ സിനിയര്‍ ഡയറക്‌ടിങ് സ്റ്റാഫ്, കോളജ് ഓഫ് വാര്‍ഫെയറിന്‍റെ കമാന്‍ഡന്‍റ്, വ്യോമസേന ആസ്ഥാനത്ത് അസിസ്റ്റന്‍റ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് (ഇന്‍റലിജന്‍സ്), ഡയറക്‌ടര്‍ ജനറല്‍ (ഇന്‍സ്‌പെക്ഷന്‍-സേഫ്റ്റി) എന്നീ പദവികളും വഹിച്ചിട്ടിണ്ട്. കെയ്റോ, സൈപ്രസ്, ഡിജിബുറ്റി, എത്യോപ്യ, സുഡാന്‍ എന്നിവിടങ്ങളില്‍ അദ്ദേഹം എയര്‍ അറ്റാഷെയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൈദരാബാദ് വ്യോമസേന അക്കാദമി മേധാവിയാകുന്നതിനു മുന്‍പ് അദ്ദേഹം ദക്ഷിണ-പശ്ചിമ കമാന്‍റില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫിസറായിരുന്നു.
മികച്ച സേവനത്തിന് ഈ വര്‍ഷം അതിവിശിഷ്‌ടസേവാ മെഡലും, 2005ല്‍ വായുസേനാ മെഡലും ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ കല്ല്യാശ്ശേരി സ്വദേശികളായ സി.സി.പി നമ്പ്യാരുടേയും പദ്‌മിനി നമ്പ്യാരുടെയും മകനാണ് എയര്‍മാര്‍ഷല്‍ ശ്രീകുമാര്‍ പ്രഭാകരന്‍.
Also Read: യുക്രൈൻ നഗരങ്ങളില്‍ ഉപരോധം: റഷ്യന്‍ ആക്രമണം കനക്കുന്നു