തിരുവനന്തപുരം: എഐ ക്യാമറ പദ്ധതി കെൽട്രോണിന് നൽകിയിട്ടുള്ള അനുവിറ്റി മാതൃകയിലാണ് നടപ്പിലാക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു (AI camera implemented on the model of annuity boot). നിയമസഭ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ധനകാര്യ കമ്മിഷന്‍റെ അഭിപ്രായത്തിന് ഗതാഗത വകുപ്പ് വിധേയമായിട്ടുണ്ട്.
ടെൻഡർ നടപടികൾ ആരംഭിക്കുന്നതിന് മുൻപ് നിയമപരമായി ആവശ്യം ഉണ്ടെങ്കിൽ മാത്രമേ നിയമ വകുപ്പിന്‍റെ സേവനം തേടാനാകു. ബൂട്ട് വിത്ത് ക്വാർട്ടർലി ആനുവിറ്റി മോഡൽ ആണ് പദ്ധതി. മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്‍റിനാണ് ഇതിന്‍റെ ഉടമസ്ഥത.
എന്നാൽ നിശ്ചിത കാലയളവിൽ കെൽട്രോണിന് ചില ഉത്തരവാദിത്തങ്ങളുണ്ട്. 146 സ്‌റ്റാഫിന് ശമ്പളം, 20 രൂപ ചെലവ് വരുന്ന ചെല്ലാൻ അയക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കെൽട്രോൺ ആണ് നിർവഹിക്കുന്നത്.
എന്നാൽ ഉടമസ്ഥത സർക്കാരിനാണ്. എഐ ക്യാമറ എഗ്രിമെന്‍റ് ഗതാഗത വകുപ്പിന്‍റെ അനുമതിയോട് കൂടിയേ അംഗീകരിക്കുകയുളളൂ. നിലവിൽ ഇതു കോടതി പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കാനാകില്ല.
എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം 2022 ജൂലൈയിൽ അപകടങ്ങൾ 3316 ആയിരുന്നത് 2023 ജൂലൈയിൽ 2224 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ 63 മരണങ്ങൾ കുറഞ്ഞിട്ടുണ്ട്. ഈ മാസം 126 മരണങ്ങൾ കുറഞ്ഞുവെന്ന് ആന്‍റണി രാജു പറഞ്ഞു.
അതേസമയം പദ്ധതി ഉപകരാർ നൽകുന്നതിൽ അഴിമതിക്ക് സാധ്യതയില്ലേയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദ്യം ഉന്നയിച്ചു. എന്നാൽ ആനുവിറ്റി ബൂട്ട് മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ആദ്യം തന്നെ വ്യക്തമാക്കിയതെന്നായിരുന്നു മന്ത്രി ആന്‍റണി രാജുവിന്‍റെ മറുപടി.
കെൽട്രോണിനെ നോക്ക് കുത്തിയാക്കി സ്വകാര്യ കമ്പനികൾക്ക് ഉപകരാർ നൽകരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. എന്നാൽ കെൽട്രോൺ ഉപയോഗിച്ച് സംസ്ഥാനം മുഴുവൻ ക്യാമറ സ്ഥാപിച്ചത് താങ്കൾ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴായിരുന്നുവെന്ന് മന്ത്രി ആന്‍റണി രാജു മറുപടി നൽകി. കെൽട്രോൺ ഒരു കാലത്തും നോക്ക് കുത്തി ആയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സഭയിൽ ആദ്യ ചോദ്യം ഉന്നയിച്ച് ചാണ്ടി ഉമ്മൻ: നിയമസഭയിൽ ആദ്യ ചോദ്യം ഉന്നയിച്ച് ചാണ്ടി ഉമ്മൻ. എഐ ക്യാമറ പദ്ധതിയിൽ ഗതാഗത വകുപ്പിന്‍റെ അനുമതി ഇല്ലാതെ ബൂട്ട് മോഡൽ ആക്കിയതിൽ ചെലവ് വർധനവ് ഉണ്ടായിട്ടുണ്ടോയെന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ ചോദ്യം. നിയമസഭ ചോദ്യോത്തര വേളയിൽ ഗതാഗത മന്ത്രി ആന്‍റണി രാജുവിനോടായിരുന്നു ചാണ്ടി ഉമ്മന്‍ ചോദിച്ചത്.
പദ്ധതി പൂർത്തിയായ സ്ഥിതിക്ക് മറ്റ് കാര്യങ്ങൾ പരിശോധിക്കേണ്ട സാഹചര്യം എഐ ക്യാമറ പദ്ധതിയിൽ ഇല്ലായിരുന്നു. കെൽട്രോൺ സർക്കാർ സ്ഥാപനമാണ്. സ്വകാര്യ കമ്പനി ആണെങ്കിൽ ചികഞ്ഞു പരിശോധിക്കണമെന്നും സ്വകാര്യ കമ്പനികളെക്കാൾ കുറഞ്ഞ ചെലവിലാണ് കെൽട്രോൺ ഉപകരണങ്ങൾ നൽകിയിട്ടുള്ളതെന്നും കണക്കുകൾ വിവരിച്ച് ആന്‍റണി രാജു പറഞ്ഞു.