തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന 12 വയസിൽ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇത് സംബന്ധിച്ച് കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും കേന്ദ്ര തീരുമാനം വരുന്നതുവരെ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പിഴ ഈടാക്കില്ലെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്‌തമാക്കി.
എഐ കാമറ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് നാളെ (05-06-2023) രാവിലെ എട്ട് മണി മുതൽ പിഴ ഈടാക്കി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കുന്നതിനാണ് റോഡ് സുരക്ഷ നിയമങ്ങൾ കർശനമാക്കുന്നത്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽ ഉപയോഗം, അമിത വേഗം, ഇരുചക്രങ്ങളിൽ ഒന്നിലധികം പേർ യാത്ര ചെയ്യുന്നത് അടക്കമുള്ള നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
നേരത്തെ രാജ്യസഭാംഗം എളമരം കരീം കേന്ദ്രത്തിന് അയച്ച കത്തിൽ മറുപടിയായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇളവ് നൽകാനാകില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ വിഷയത്തിൽ സർക്കാർ എന്ന നിലയിൽ കത്തെഴുതുമ്പോൾ കേന്ദ്രം എങ്ങനെയാണ് പരിഗണിക്കുന്നത് എന്ന് നോക്കട്ടെ എന്നായിരുന്നു ആന്‍റണി രാജുവിന്‍റെ മറുപടി.
ഒരു ജനപ്രതിനിധി ഒറ്റയ്ക്ക് കത്തെഴുതുന്നത് പോലെയല്ലല്ലോ സംസ്ഥാന സർക്കാർ ഒരു കാര്യം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്‍റെ പൊതുവികാരം കണക്കിലെടുത്ത് നിലപാട് അറിയിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. അതേസമയം നാല് വയസിൽ താഴെയുള്ള കുട്ടികളെ കാറിന്‍റെ മുൻസീറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
പിഴയിൽ പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാം : 12 വയസിനും നാല് വയസിനും ഇടയിലുള്ള എല്ലാ കുട്ടികളും നിർബന്ധമായും ഹെൽമറ്റ് ധരിക്കണം. അതേസമയം പിഴ സംബന്ധിച്ച ആക്ഷേപം ഉള്ളവർക്ക് എൻഫോഴ്സ്മെന്‍റ് ആർടിഒയ്ക്ക് അപ്പീൽ നൽകാം. രണ്ട് മാസത്തിനകം ഓൺലൈനായി അപ്പീൽ നൽകാനുള്ള സൗകര്യവും ഒരുക്കും.
നിലവിൽ നിയമ ലംഘനങ്ങൾ സംബന്ധിച്ച ചെലാൻ പോസ്റ്റൽ വഴിയാണ് അയക്കുന്നത്. എസ്എംഎസ് സംവിധാനം ഉടൻ ഉണ്ടാകില്ല. പ്രതിദിനം 25,000 നിയമ ലംഘനങ്ങൾ പോസ്റ്റൽ മുഖേന അയക്കാനാകും. ഇതിനായി ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരുടെ എണ്ണം മോട്ടോർ വാഹന വകുപ്പും കെൽട്രോണും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വിഐപി - നോണ്‍ വിഐപി പരിഗണന ഇല്ല : എഐ കാമറകൾ വന്നതിന് ശേഷം ഒരു നിയമവും കേരളത്തിൽ പുതുതായി വന്നിട്ടില്ല. നിയമ ലംഘനം നടത്തുന്ന വിഐപികൾക്ക് പ്രത്യേക പരിഗണന ഇല്ല. കേന്ദ്രം നിഷ്‌കർഷിച്ച അടിയന്തരാവശ്യത്തിനുള്ള വാഹനങ്ങളെ മാത്രമേ പിഴയിൽ നിന്നും ഒഴിവാക്കുകയുള്ളൂ.
ഗതാഗത മന്ത്രിയായിരിക്കെ തനിക്കും അമിതവേഗത്തിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിട്ടുണ്ടെന്നും ആന്‍റണി രാജു പറഞ്ഞു. എഐ കാമറയ്ക്ക് മുന്നിൽ വിഐപി എന്നോ നോൺ വിഐപി എന്നോ കാറ്റഗറി ഇല്ലെന്നും മന്ത്രി വ്യക്‌തമാക്കി.
പ്രതിപക്ഷത്തിന്‍റേത് അനാവശ്യ വിവാദം : അതേസമയം എഐ കാമറ പദ്ധതിയിലെ അഴിമതി ആരോപണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷ നേതാവിന്‍റെയും മുൻ പ്രതിപക്ഷ നേതാവിൻ്റെയും മൂപ്പിള തർക്കമാണെന്നും മന്ത്രി പരിഹസിച്ചു. അനാവശ്യ വിവാദങ്ങൾ ഉയർത്തി രാഷ്ട്രീയമായി എതിർക്കുന്നത് ശരിയാണോ എന്ന് പ്രതിപക്ഷം ആത്മ പരിശോധന നടത്തണം.
പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. എഐ കാമറ പദ്ധതിയിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ പ്രതിപക്ഷം നിയമപരമായി മുന്നോട്ടു പോകട്ടെ. തങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു ആശങ്കയുമില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം എഐ കാമറകളുടെ വില വിവരം വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും കെൽട്രോൺ നൽകാത്ത സംഭവത്തിലും മന്ത്രി പ്രതികരിച്ചു. എല്ലാ കാര്യങ്ങളും വെളിപ്പെടുത്തേണ്ടതില്ല, അത് അവരുടെ അവകാശമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.
കാമറകളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ ചുമതലപ്പെടുത്തിയ വിദഗ്‌ധ സമിതി റിപ്പോർട്ട് സമർപ്പിച്ചതായും മന്ത്രി അറിയിച്ചു. സ്ഥാപിച്ച 726 കാമറ സിസ്റ്റത്തിൽ 692 എണ്ണം പ്രവർത്തനസജ്ജമാണ്. ബാക്കിയുള്ള 34 കാമറ സിസ്റ്റം എത്രയും വേഗം പ്രവർത്തന സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
നിയമലംഘനം കുറഞ്ഞു : കാമറ സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുവാനും കാമറയിലൂടെ ദിവസേന കണ്ടെത്തുന്ന റോഡ് നിയമ ലംഘനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാനും മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. ജൂൺ രണ്ടിന് 2,42,746 നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
കാമറ ഉദ്ഘാടനം ചെയ്യുന്ന ദിവസം 4,23,000 ആയിരുന്ന നിയമ ലംഘനങ്ങൾ അടുത്ത ദിവസം ആയപ്പോൾ 2,85,000 ആയി കുറഞ്ഞു. മെയ് മാസം 2,55,500 ആയി നിയമ ലംഘനങ്ങൾ കുറഞ്ഞു. നിയമ ലംഘനങ്ങൾ കണ്ടെത്താൻ കെൽട്രോണിന്‍റെ 15 സെന്‍ററുകളാണുള്ളത്. ഇവിടെ കെൽട്രോണിലെ 130 ഉദ്യോഗസ്ഥർ രാവിലെ മുതൽ വൈകിട്ട് വരെ പ്രവർത്തിക്കും.
ഓരോ സെന്‍ററുകളിലായി ഏഴ് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഉണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. 2022ൽ കേരളത്തിൽ 43,910 റോഡപകടങ്ങളിൽ 4317 പേർ മരിച്ചു. 49,307 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന യുവാക്കളാണ് കൂടുതലും അപകടത്തിൽ പെടുന്നത്.
പ്രതിവർഷം മരണപ്പെടുന്ന യുവാക്കളിൽ 200 ഓളം പേർ 18 വയസിൽ താഴെയുള്ളവരാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലാണ് റോഡ് അപകടങ്ങൾ കൂടുതലും. റോഡപകടങ്ങൾ കുറച്ച് റോഡ് സുരക്ഷ ഉറപ്പാക്കി ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ എഐ കാമറകൾ പ്രവർത്തനസജ്ജമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.