കർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയം സംബന്ധിച്ച് ഉത്തരവിറക്കാൻ വൈകിയ ഉദ്യോഗസ്ഥ നടപടിയിൽ മന്ത്രിമാർക്ക് അതൃപ്തി. കൃഷി റവന്യൂ വകുപ്പ് സെക്രട്ടറിമാരുടെ നടപടിയിലാണ് മന്ത്രിമാർ അതൃപ്തി അറിയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഫയൽ നൽകിയപ്പോൾ വേണ്ട നടപടിക്രമങ്ങൾ ഉദ്യോഗസ്ഥർ പാലിച്ചില്ലെന്നും മന്ത്രിസഭായോഗത്തിൽ വിമർശനം ഉയർന്നു.
കർഷകരുടെ എല്ലാ വായ്പകൾക്കും ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്തുന്നതിന് അനുമതി തേടി സർക്കാർ അയച്ച ഫയൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മടക്കിയതിനെത്തുടർന്നാണ് മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ അതൃപ്തി രേഖപ്പെടുത്തിയത്.
ഉത്തരവ് വൈകിപ്പിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും ചീഫ് സെക്രട്ടറി കാര്യത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്നും യോഗത്തിൽ വിമർശനമുയർന്നു. വേണ്ട നടപടികൾ പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഫയൽ നൽകിയതെന്ന് മന്ത്രിസഭാ യോഗത്തിൽ വിമർശനമുയർന്നു. കൃഷി വകുപ്പ് സെക്രട്ടറി റവന്യൂ വകുപ്പ് സെക്രട്ടറി എന്നിവരുടെ നടപടികളിലും മന്ത്രിമാർ അതൃപ്തി രേഖപ്പെടുത്തി. അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫയൽ തിരിച്ചയച്ചത് സർക്കാർ കെടുകാര്യസ്ഥത കൊണ്ടാണ് എന്ന് വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
കർഷകരെ വഞ്ചിക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കർഷകരുടെ എല്ലാ കടങ്ങൾക്കും തിരിച്ചടവിന് ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്തുന്നതിന് മാർച്ച് അഞ്ചിന് ചേർന്ന മന്ത്രിസഭായോഗം ആണ് തീരുമാനമെടുത്തതെങ്കിലും ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങുന്നത് വൈകി. പെരുമാറ്റച്ചട്ടം വന്നശേഷം ഉത്തരവിറങ്ങിയ സാഹചര്യത്തിലാണ് അനുമതി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ഫയൽ മടക്കുകയായിരുന്നു.