തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ സമ്പൂർണ ലോക്ക് ഡൗൺ വേണ്ടന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ധാരണ. പ്രദേശിക തലത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയാൽ മതിയെന്ന് യോഗത്തിൽ പൊതു അഭിപ്രായം ഉയർന്നു. രോഗവ്യാപനം തീവ്രമായ കൊവിഡ് ക്ലസ്റ്ററുകളിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തും.
ഇവിടങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഭൂരിഭാഗം കക്ഷി നേതാക്കളും സമ്പൂർണ ലോക്ക് ഡൗണിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമ്പൂർണ ലോക്ക് ഡൗണിനോട് കക്ഷി നേതാക്കൾ വിയോജിപ്പ് പ്രകടിപ്പിച്ചത്.
പ്രതിപക്ഷവും ബി.ജെ.പിയും ഭരണകക്ഷികളും യോഗത്തിൽ സമാന നിലപാടാണ് സ്വീകരിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് കക്ഷികൾ പൂർണ പിന്തുണ വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സ്വകാര്യ ആശുപത്രികളെ കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളാക്കുന്ന കാര്യം യോഗം ചർച്ച ചെയ്തു. പരിശോധന ഫലം വേഗത്തിലാക്കണമെന്നും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. സമ്പൂർണ ലോക്ക് ഡൗൺ വേണ്ട എന്ന യോഗത്തിന്‍റെ പൊതുവികാരത്തിനൊപ്പം നിൽക്കുന്നതായി മുഖ്യമന്ത്രിയും മറുപടി നൽകി.