തിരുവനന്തപുരം : ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യം ചെയ്‌ത ഏജീസ് ഓഫിസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. തിരുവനന്തപുരം നഗരത്തിൽ പേട്ടയ്ക്ക് സമീപം ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു.
ഏജീസ് ഓഫിസിലെ സീനിയർ അക്കൗണ്ടന്‍റും ഹരിയാന സ്വദേശിയുമായ രവി യാദവ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ ജസ്വന്ത് എന്നിവർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.
കുടുംബസമേതം നടക്കാനിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ ബൈക്കിൽ എത്തിയവരാണ് ആക്രമണം നടത്തിയത്. അക്രമിസംഘം ഉദ്യോഗസ്ഥരുടെ ഭാര്യമാരെ റോഡിൽ വച്ച് കടന്നുപിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.
Also Read: കരിപ്പൂർ സ്വർണക്കടത്ത്; അര്‍ജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി
രവി യാദവിന്‍റെ കൈക്കും ജസ്വന്തിന്‍റെ കാലിനുമാണ് പരിക്കേറ്റത്. കുഞ്ഞുങ്ങളെ വെട്ടിക്കൊല്ലുമെന്നും അക്രമി സംഘം ഭീഷണിപ്പെടുത്തി. ആശുപത്രിയിൽ ചികിത്സ നേടി വീട്ടിൽ തിരിച്ചെത്തിയ ശേഷവും ഭീഷണി തുടർന്നതായി പൊലീസിന് നൽകിയ പരാതിയിൽ ഇവർ വ്യക്തമാക്കുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ആക്രമിച്ച ആയുധം പൊലീസ് സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.