തിരുവനന്തപുരം/ കോഴിക്കോട്: കൗമാരക്കാരുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിൽ ആദ്യദിനം തിരക്ക്. അസ്വസ്ഥതകളോ പാർശ്വഫലങ്ങളോ ഉണ്ടായില്ലെന്നും മികച്ച പരിചരണമാണ് ലഭിച്ചതെന്നും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആദ്യമണിക്കൂറുകളിൽ വാക്‌സിന്‍ സ്വീകരിച്ച കുട്ടികൾ പറഞ്ഞു. 15 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് കൊവാക്‌സിനാണ് നൽകുന്നത്.
ഓൺലൈനായി രജിസ്റ്റർ ചെയ്‌തവരും സ്പോട്ട് രജിസ്ട്രേഷൻ നടത്തിയവരും വാക്‌സിന്‍ സ്വീകരിക്കുന്നുണ്ട്. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ സംസ്ഥാനത്തെ 551 കേന്ദ്രങ്ങളിലാണ് കുട്ടികൾക്ക് വാക്‌സിന്‍ നൽകുന്നത്. കോഴിക്കോട് 94 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ. ഓൺലൈൻ വഴി 2500 കുട്ടികളാണ് ആദ്യദിവസം മുൻകൂട്ടി രജിസ്റ്റർ ചെയ്‌തത്.
ALSO READ: കൗമാരക്കാര്‍ക്ക് വാക്‌സിനേഷന്‍: സ്‌കൂളുകള്‍ വഴി കണക്കെടുത്ത് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി
സ്പോട്ട് റജിസ്ട്രേഷൻ വഴിയും വാക്‌സിനേഷൻ നൽകുന്നുണ്ട്. 15നും 18നും ഇടയിൽ പ്രായമുള്ള 143000 കുട്ടികൾ ആണ് ജില്ലയിൽ ഉള്ളത്. ഒരുമാസത്തിനകം മുഴുവൻ കുട്ടികൾക്കും വാക്‌സിൻ നൽകാൻ സജ്ജമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ ഡോസ് വാക്‌സിൻ ഇന്നലെ എത്തിയതോടെ നിലവിൽ പ്രതിസന്ധി ഇല്ല. ബീച്ച് ജനറൽ ആശുപത്രിയിൽ ആയിരുന്നു ജില്ല തല ഉദ്‌ഘാടനം നടന്നത്.