തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ നിര്‍മാണം തടസപ്പെട്ടെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടിസിനെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കെതിരെ നിലകൊണ്ടിട്ടും ഒരു ഭവന നിര്‍മാണ പദ്ധതിക്ക് നാല് ലക്ഷം രൂപ നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് പ്രതിപക്ഷത്തു നിന്ന് പി കെ ബഷീര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടിസിന് മന്ത്രി മറുപടി നല്‍കി.
3,29,000 വീടുകള്‍ നിര്‍മിച്ച് താക്കോല്‍ നല്‍കിയ ഒരു പദ്ധതിയെ പ്രതിപക്ഷം അപഹസിക്കുകയാണ്. 2011-16ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആകെ 2,500 വീടുകള്‍ മാത്രമാണ് നിര്‍മിച്ചു നല്‍കിയത്. ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളെ ഇപ്പോഴും തദ്ദേശഭരണ സ്ഥാപനങ്ങള്‍ തന്നെയാണ് നിശ്ചയിക്കുന്നതെന്നും ഇക്കാര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുത്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.
പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് കെപിസിസി പ്രഖ്യാപിച്ച 1,000 വീടിന്‍റെ കണക്ക് പുറത്തു വിടാന്‍ മന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. എന്നാല്‍ 2020 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ ലൈഫ് പദ്ധതിയിലേക്ക് ലഭിച്ച ഒമ്പത് ലക്ഷം അപേക്ഷകളില്‍ നിന്ന് 12,845 ഗുണഭോക്താക്കളെ മാത്രമാണ് തെരഞ്ഞെടുത്തതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 2017ല്‍ ലൈഫ് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ പണി പൂര്‍ത്തിയാക്കാനുണ്ടായിരുന്ന 52,000 വീട് ഉള്‍പ്പെടെ 2,79,000 വീടുകള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്.
2011-16 കാലത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് വിവിധ പദ്ധതികളിലായി 4,54,020 വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെട്ട പ്രതിപക്ഷ നേതാവ് ഇക്കാര്യം ഒന്നാം പിണറായി സര്‍ക്കാരില്‍ തദ്ദേശ മന്ത്രിയായിരുന്ന ജലീല്‍ ഇക്കാര്യം നിയമസഭയെ അറിയിച്ചിട്ടുണ്ടെന്നും സതീശന്‍ തിരിച്ചടിച്ചു. കെപിസിസി 1000ത്തിലധികം വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഇതിന്‍റെ കണക്കുകള്‍ ആര്‍ക്കും കൈമാറാന്‍ തയ്യാറാണ്.
എന്നാല്‍ 2018ല്‍ കോടിയേരി ബാലകൃഷ്‌ണന്‍ പ്രഖ്യാപിച്ച 2,500 വീടുകളില്‍ എത്ര വീട് നിര്‍മിച്ചു നല്‍കിയെന്ന് പരസ്യപ്പെടുത്താന്‍ സതീശന്‍ സിപിഎമ്മിനെ വെല്ലുവിളിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ട് ഇറങ്ങിപ്പോയി.